ആരോപണങ്ങളുമായി ട്രംപ്; ആത്മവിശ്വാസത്തോടെ ബൈഡൻ
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം നാലാംദിവസത്തിലേക്ക് തുടരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ആവർത്തിച്ച് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് രംഗത്തെത്തി. പെൻസിൽവേനിയ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ അനധികൃതമായി വോട്ട് സ്വീകരിച്ചതായി ട്രംപ് ആരോപിച്ചു. അതേസമയം, വിജയിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം ബൈഡൻ 264ഉം ട്രംപ് 214ഉം ഇലക്ടറൽ വോട്ടുകളാണ് നേടിയിരിക്കുന്നത്.
ജോർജിയ സംസ്ഥാനത്ത് ലീഡ് ഉയർത്തി മുന്നേറുകയാണ് ബൈഡൻ. 16 ഇലക്ടറൽ സീറ്റുകളുള്ള നിർണായക സംസ്ഥാനമായ ഇവിടെ ബൈഡൻെറ ലീഡ് 7248 വോട്ടുകളുടേതാണ്. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. ജോർജിയയിൽ വീണ്ടും വോട്ടെണ്ണുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വോട്ടെണ്ണൽ തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും ഭൂരിപക്ഷം നേടാൻ ആവശ്യമായ 270 എന്ന മാജിക് നമ്പർ തികക്കാൻ ബൈഡന് സാധിച്ചിട്ടില്ല. ജോർജിയക്ക് പുറമെ പെൻസൽവേനിയ, അരിസോണ, നെവാഡ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ നീണ്ടുപോകുന്നതാണ് ബൈഡെൻറ പ്രസിഡൻറ് പദവിയിലേക്കുള്ള യാത്ര വൈകിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മെയിൽ ബാലറ്റ് വോട്ടുകളുടെ എണ്ണം കൂടിയതാണ് വോട്ടെണ്ണൽ വൈകാൻ കാരണം. ഇത്തവണ റെക്കോഡ് വോട്ടിങ് ശതമാനവും രേഖപ്പെടുത്തിയിരുന്നു. നിലവിലെ കണക്കനുസരിച്ച് ബൈഡൻ 264 ഇലക്ടറൽ വോട്ടുകളും ഡോണൾഡ് ട്രംപ് 214 ഇലക്ടറൽ വോട്ടുകളും നേടി. ആറു വോട്ടുകൾ കൂടി ലഭിച്ചാൽ ബൈഡന് പ്രസിഡൻറ് പദത്തിലെത്താനാകും.
േവാട്ടെണ്ണൽ നിർത്തിവെക്കണമെന്നാണ് ട്രംപിെൻറ ആവശ്യം. നേരിയ ഭൂരിപക്ഷത്തോടെ ബൈഡൻ വിജയിച്ച സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ ബൈഡൻ കൃത്രിമം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി ട്രംപ് കോടതി കയറുകയും ചെയ്തു. കഴിഞ്ഞ തവണ ട്രംപ് പിടിച്ചെടുത്ത സംസ്ഥാനങ്ങൾ ഇത്തവണ ബൈഡന് അനുകൂലമായി വോട്ട് രേഖെപ്പടുത്തുകയായിരുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുന്ന മറ്റു സംസ്ഥാനങ്ങൾ
പെൻസിൽവേനിയ
പെൻസിൽവേനിയയിൽ 96 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞതോടെ 27,130 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്ന ഇവിടെനിന്ന് പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറയും ദ ഗാർഡിയനും റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെ പെൻസിൽവേനിയയിലെ തെരഞ്ഞെടുപ്പ് ഫലം ഇനിയും വരാൻ വൈകുമെന്നാണ് വിവരം. 20 ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനമാണ് പെൻസിൽവേനിയ. ഇവിടെ ബൈഡൻ വിജയിച്ചാൽ നിഷ്പ്രയാസം പ്രസിഡൻറ് പദത്തിലെത്താം.
അരിസോണ
97 ശതമാനം വോട്ടെണ്ണൽ പൂർത്തിയായതോടെ അരിേസാണയിൽ ബൈഡൻ 29,861 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇതോടെ ബൈഡനെ അരിസോണയിൽ ട്രംപ് മറികടക്കാനുള്ള സാധ്യതയും തള്ളികളഞ്ഞു.
നെവാഡ
നെവാഡയിൽ ബൈഡൻ ലീഡ് 22,657 ആക്കി ഉയർത്തി. ഇവിടെ 93 ശതമാനം േവാട്ടുകളും എണ്ണിക്കഴിഞ്ഞു. നെവാഡയിൽ ഇനി ട്രംപിന് തിരിച്ച് വരാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇനി എണ്ണാനുള്ള വോട്ടുകൾ ബൈഡന് അനുകൂലമാവുമെന്നാണ് രാഷ്ട്രീയവിദഗ്ധരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.