സൗത്ത് കരോളിന പ്രൈമറിയിൽ ബൈഡന് ജയം; ട്രംപ് ഒരിക്കൽ കൂടി പരാജയപ്പെടുമെന്ന് യു.എസ് പ്രസിഡന്റ്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിന പ്രൈമറി തെരഞ്ഞെടുപ്പിൽ ജോ ബൈഡന് ജയം. ഡീൻ ഫിലപ്സ്, മരീന വില്യംസൺ എന്നിവരെയാണ് ബൈഡൻ പരാജയപ്പെടുത്തിയത്. കറുത്ത വർഗക്കാർ ഏറെയുള്ള സൗത്ത് കരോളിനയിലെ വിജയം 2024 നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബൈഡന് ഏറെ നിർണായകമാണ്.
2020ൽ രാഷ്ട്രീയ പണ്ഡിറ്റുകളുടെ നിഗമനം തെറ്റാണെന്ന് സൗത്ത് കരോളിന തെളിയിച്ചു. നമ്മുടെ കാമ്പയിനിന് പുതിയ ഊർജമാണ് പ്രദേശം നൽകിയത്. അവസാനം നമ്മൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2024ലും അത് ആവർത്തിക്കുകയാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നമ്മൾ തന്നെ വിജയിക്കും. ട്രംപ് ഒരിക്കൽ കൂടി പരാജയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
നാല് വർഷങ്ങൾക്ക് മുമ്പ് സൗത്ത് കരോളിനയിലെ പ്രൈമറിയിൽ ലഭിച്ച കറുത്ത വർഗക്കാരുടെ വോട്ടുകളായിരുന്നു ബൈഡന് പ്രചാരണത്തിന് ശക്തി പകർന്നത്. പിന്നീട് വൈറ്റ് ഹൗസിലേക്കുള്ള ബൈഡന്റെ യാത്രക്കും വോട്ടുകൾ നിർണായകമായിരുന്നു.
സൗത്ത് കരോളിനയിലെ കറുത്ത വർഗക്കാർ ഇക്കുറി ബൈഡന് അനുകൂലമായി ചിന്തിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിലക്കയറ്റവും യു.എസ്-മെക്സികോ അതിർത്തിയിലെ പ്രശ്നങ്ങളും ബൈഡന് വിരുദ്ധമായി വോട്ട് ചെയ്യാൻ അവരെ പ്രേരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
റിപബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ പ്രദേശമാണ് സൗത്ത് കരോളിനയെങ്കിലും ഇവിടത്തെ ജനസംഖ്യയിൽ 26 ശതമാനം കറുത്ത വർഗക്കാരാണ്. ഇവരിൽ ഭൂരിപക്ഷവും കഴിഞ്ഞ തവണ ബൈഡനെയാണ് പിന്തുണച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജയത്തിൽ ബൈഡനെ സംബന്ധിച്ചടുത്തോളം ഇത് ഗുണകരമാവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.