ബൈഡന്റെ നയം യു.എസിനെ ചവറ്റുകുട്ടയാക്കി –ട്രംപ്
text_fieldsവാഷിങ്ടൺ: കുടിയേറ്റക്കാർക്കെതിരെ വീണ്ടും കടുത്ത പരാമർശങ്ങൾ നടത്തി യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ജോ ബൈഡന്റെയും കമല ഹാരിസിന്റെയും വിദേശ നയം യു.എസിനെ ചവറ്റുകുട്ടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അരിസോണയിലെ ടെംപെയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ട്രംപിന്റെ വിമർശനം.
ഇതാദ്യമായാണ് ഇങ്ങനെ ഞാൻ പറയുന്നത്. അവർ നമ്മുടെ രാജ്യത്തോട് ചെയ്തതിനെ കുറിച്ച് ഓരോ തവണ സംസാരിക്കുമ്പോഴും എനിക്ക് ദേഷ്യം വരും. ചവറ്റുകുട്ട എന്നത് വളരെ കൃത്യമായ വിവരണമാണ് -ട്രംപ് പറഞ്ഞു. വ്യാഴാഴ്ച നടന്ന മറ്റു റാലികളിലും അദ്ദേഹം കുടിയേറ്റക്കാർക്കെതിരെ ശക്തമായി സംസാരിച്ചു. എന്നാൽ, തങ്ങളുടെ പോരാട്ടം ഭാവിക്ക് വേണ്ടിയാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയോടൊപ്പം ജോർജിയയിലെ അറ്റ്ലാൻഡയിൽ പ്രചാരണ വേദിയിലെത്തിയ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് പറഞ്ഞു. കമലയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആദ്യമായാണ് ഒബാമ പങ്കെടുക്കുന്നത്. കറുത്ത വർഗക്കാരായ വോട്ടർമാർക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് അറ്റ്ലാൻഡ. തെരഞ്ഞെടുപ്പ് നടക്കാൻ ഇനി 10 ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ ഇലക്ഷൻ ലാബിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ചയോടെ 30 ദശലക്ഷം യു.എസ് പൗരന്മാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഏറ്റവും പുതിയ സർവേകൾ പ്രകാരം കമലയെക്കാൾ ട്രംപിന് നേരിയ മുൻതൂക്കമാണ് കാണിക്കുന്നത്. വാൾ സ്ട്രീറ്റ് ജേണൽ പത്രം നടത്തിയ സർവേയിൽ കമലയെക്കാൾ രണ്ട് ശതമാനം അധികം ആളുകൾ ട്രംപിനെയാണ് പിന്തുണക്കുന്നത്. ട്രംപിന് 47 ശതമാനവും കമലക്ക് 45 ശതമാനവും പേരുടെ പിന്തുണയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.