ഇമ്രാൻ ഖാനുമായി ചർച്ചക്ക് തയാറെന്ന് പി.പി.പി
text_fieldsഇസ്ലാമാബാദ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും രൂക്ഷമായ സാഹചര്യത്തിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ചക്ക് തയാറെന്ന് ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി). ചർച്ചക്ക് ഇമ്രാൻ ഖാൻ തയാറാണെങ്കിൽ സ്വാഗതം ചെയ്യുകയാണെന്ന് പി.പി.പിയുടെ മുതിർന്ന നേതാവ് ഖുർഷിദ് ഷാ പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പ്രസിഡന്റ് ആസിഫ് അലി സർദാരി ശ്രമിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ചർച്ചയിൽ പി.പി.പിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി.പിയും മുത്തഹിദ ക്വാമി മൂവ്മെൻറ്-പാകിസ്താനും (എം.ക്യു.എം-പി) മറ്റ് സഖ്യകക്ഷികളും ചേർന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പി.എം.എൽ-എൻ സർക്കാറിനെ പിന്തുണക്കുന്നത്. 2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതുമുതൽ, പി.പി.പി-പി.എം.എൽ-എൻ സഖ്യത്തിനെതിരെ കടുത്ത എതിർപ്പിലാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിനെതുടർന്ന് ഇരു പാർട്ടികളും കൂട്ടുകക്ഷി സർക്കാർ രൂപവത്കരിച്ചശേഷം ഇമ്രാൻ ഖാനെയും പാർട്ടിയെയും അടിച്ചമർത്തുന്ന നടപടിയാണ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.