മരിച്ചുവെന്ന് കരുതിയ ജർമൻ ശതകോടീശ്വരനെ റഷ്യൻ യുവതിക്കൊപ്പം കണ്ടെത്തി; അപ്രത്യക്ഷമാകലിൽ ദുരൂഹത
text_fieldsമോസ്കോ: സ്കൈ ഡൈവിനിടെ മരിച്ചുവെന്ന് കരുതിയ ജർമൻ-യു.എസ് ശതകോടീശ്വരനെ മോസ്കോയിൽ റഷ്യൻ യുവതിക്കൊപ്പം കണ്ടെത്തി. 2018 ഏപ്രിലിലാണ് ജർമൻ-അമേരിക്കൻ റീട്ടെയ്ൽ വ്യാപാരി കാൾ എറിവൻ ഹോബിനെ സ്വിറ്റ്സർലാൻഡിൽ വെച്ച് സ്കൈ ഡൈവിനിടെ കാണാതായത്. കാണാതാകുമ്പോൾ 58 വയസായിരുന്നു അദ്ദേഹത്തിന്. ആറു ദിവസം അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2021ൽ ജർമൻ കോടതി കാൾ എറിവൻ മരിച്ചതായി പ്രഖ്യാപിച്ചു. ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു എറിവന്. കാൾ എറിവന്റെ കമ്പനിയായ റീട്ടെയ്ൽ ഭീമൻ ടെംഗൽമാൻ ഗ്രൂപ്പിൽ 75,000 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. കാൾ എറിവനെ കാണാതായ ശേഷം കമ്പനിയുടെ നിയന്ത്രണം സഹോദരൻ ഏറ്റെടുത്തു.
അതിൽ പിന്നെ എല്ലാവരും എറിവനെ മറന്നു. എന്നാൽ ജർമൻ ബ്രോഡ്കാസ്റ്റർ ആർ.ടി.എൽ നടത്തിയ അന്വേഷണത്തിലാണ് എറിവനെ മോസ്കോയിൽ കണ്ടെത്തിയത്. വെറോണിക എർമിലോവ എന്ന യുവതിക്കൊപ്പമായിരുന്നു എറിവൻ താമസിച്ചിരുന്നത്. കാണാതായതിന് തൊട്ടുമുമ്പ് എറിവൻ വെറോണിക്കയെ 13 തവണ ഫോണിൽ വിളിച്ചിരുന്നതായി ആർ.ടി.എൽ അവകാശപ്പെട്ടു. ഒരു മണിക്കൂർ ദൈർഘ്യമുള്ള കോളുകളായിരുന്നു അതിൽ പലതും. അതോടെയാണ് ശതകോടീശ്വരന്റെ മരണവാർത്ത വ്യാജമാണെന്ന സംശയം ബലപ്പെട്ടത്. യു.എസ്, ജർമൻ പൗരത്വത്തിന് പുറമെ ശതകോടീശ്വരന് റഷ്യൻ പാസ്പോർട്ട് ഉള്ളതും സംശയം ജനിപ്പിച്ചു. സെന്റ്പീറ്റേഴ്സ്ബർഗിൽ ഒരു ഇവന്റ് ഏജൻസി നടത്തുകയാണ് 44 കാരിയായ വെറോണിക്ക. സ്കൈയിങ്, ഹൈകിങ്, ക്ലൈമ്പിങ് ഒക്കെ ഈ ഏജൻസി നടത്തുന്നുണ്ട്.
നേരത്തേ എറിവൻ ഉണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. റഷ്യൻ ചാരസംഘടനയിൽ ഉൾപ്പെട്ടയാളാണോ ഇവരെന്നും സംശയമുണ്ട്. 2008 ജൂലൈയിൽ ഇരുവരും മോസ്കോ, സൂചി നഗരങ്ങളിൽ താമസിച്ചതിനും രേഖകളുണ്ട്. 2009 മേയിൽ ഇരുവരും ഒരേ ട്രെയിനിൽ മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് യാത്ര ചെയ്തു. രണ്ട് കമ്പാർട്മെന്റുകളിലായിരുന്നു യാത്ര. ഒരാൾ തന്നെയാണ് രണ്ടുപേർക്കും ടിക്കറ്റ് ബുക്ക് ചെയ്തത്. റഷ്യയിലെ മറ്റ് നഗരങ്ങളിലും ഇരുവരും പലതവണ കറങ്ങിയതായും വിവരം ലഭിച്ചു. എന്തിനാണ് ഈ കൂടിക്കാഴ്ചകൾ നടന്നത് എന്നതിൽ വ്യക്തതയില്ല. ഇരുവരും പ്രണയത്തിലായിരുന്നു എന്നതിനും തെളിവില്ല. സ്കൈ ഡ്രൈവിനിടെ സ്വിറ്റ്സർലൻഡിലേക്കാണ് ശതകോടീശ്വരൻ അപ്രത്യക്ഷനായതെന്നാണ് ആർ.ടി.എൽ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.