മഞ്ഞുരുകുന്ന ഗ്രീൻലൻഡിൽ 'നിധി കുഴിക്കാൻ' അതിസമ്പന്നർ
text_fieldsനിക്കൽ, കൊബാൾട്ട് ശേഖരം തേടി ബെസോസും ഗേറ്റ്സും
കോപൻഹേഗൻ: മഞ്ഞുരുക്കം അതിവേഗത്തിലായ ലോകത്തെ ഏറ്റവും വലിയ ദ്വീപിനടിയിൽ 'നിധി' തിരഞ്ഞ് ജെഫ് ബെസോസും ബിൽ ഗേറ്റ്സും മൈക്കൽ ബ്ലൂംബർഗും. മഞ്ഞുരുകിയ മണ്ണിനടിയിൽ വിലയേറിയ ലോഹങ്ങളായ നിക്കൽ, കൊബാൾട്ട് എന്നിവയുടെ വൻശേഖരമുണ്ടെന്ന പ്രതീക്ഷയിലാണ് ശതകോടികൾ മുടക്കാൻ അതിസമ്പന്നർ ഒരുങ്ങുന്നത്. വൈദ്യുതി വാഹനങ്ങളിൽ ബാറ്ററിക്ക് കൊബാൾട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ കാലം അവസാനിച്ചാലും വാഹനങ്ങൾ നിരത്തിലോടാൻ ഇവയുടെ സാന്നിധ്യം ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഒന്നാമത്തേയോ രണ്ടാമത്തേയോ കൊബാൾട്ട് നിക്ഷേപമാകും ഗ്രീൻലൻഡിലെന്ന് ഈ രംഗത്തെ മുൻനിര കമ്പനിയായ കൊബോൾഡ് മെറ്റൽസ് സി.ഇ.ഒ കുർട് ഹൗസ് പറഞ്ഞു. ബെസോസും ഗേറ്റ്സും ബ്ലൂംബർഗും ചേർന്ന് ഫണ്ട് ചെയ്യുന്ന കമ്പനിയാണ് കൊബോൾഡ് മെറ്റൽസ്.
ഗ്രീൻലൻഡിലെ ഡിസ്കോ ദ്വീപ്, നൂസുവാഖ് ഉപദ്വീപ് എന്നിവ കേന്ദ്രീകരിച്ചാണ് അപൂർവ ഖനിജങ്ങൾ തേടിയുള്ള ഖനനം. ഇതിനായി ഭൂഗർഭ ശാസ്ത്രജ്ഞർ, ഭൗമോർജതന്ത്രജ്ഞർ ഉൾപെടെ വൻസംഘം ഇവിടെ ക്യാമ്പു ചെയ്യുന്നുണ്ട്. ഡ്രോണുകളും ഹെലികോപ്ടറുകളും സഹായത്തിനായുണ്ട്. മഞ്ഞുരുക്കത്തിന് വേഗംകൂടിയതോടെ വലിയ യന്ത്രങ്ങളുമായി കപ്പലുകൾ എത്തുന്നത് പ്രവൃത്തികൾ അതിവേഗത്തിലാക്കിയിട്ടുണ്ട്. ഗ്രീൻലൻഡ് ദ്വീപിനടിയിൽ ഇവക്കു പുറമെ കൽക്കരി, ചെമ്പ്, സ്വർണം, സിങ്ക് തുടങ്ങിയവയുമുണ്ടാകുമെന്നാണ് അനുമാനം.
ആർടിക്കിനെ കുറിച്ച് പഠിക്കുന്ന ഗവേഷകർക്ക് കടുത്ത ആധി നൽകുന്നതാണ് ഗ്രീൻലൻഡിലെ മഞ്ഞുരുക്കം. അടുത്ത 20-30 വർഷത്തിനിടെ പ്രദേശത്തുനിന്ന് മഞ്ഞ് അപ്രത്യക്ഷമാകുമെന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.