വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം മറ്റൊരു ആക്രമണത്തിന് കൂടി ലാദൻ പദ്ധതിയിട്ടിരുന്നെന്ന്
text_fieldsവാഷിങ്ടൺ: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം മറ്റൊരു ആക്രമണത്തിനും ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. യു.എസ് നേവി സീൽ പുറത്തുവിട്ട രേഖളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2001 സെപ്റ്റംബർ 11ലെ ആക്രമണം യാത്രാ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നെങ്കിൽ പിന്നീട് പരിശോധന കർശനമാക്കിയതോടെ സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ചായിരുന്നു വീണ്ടും ആക്രമണത്തിന് ലാദൻ പദ്ധതിയിട്ടിരുന്നതത്രെ. അഫ്ഗാനിസ്താനെ ലക്ഷ്യമിട്ട് അമേരിക്ക യുദ്ധം തുടങ്ങുമെന്ന് ലാദൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ലാദനെ പിടികൂടി വധിച്ച പ്രത്യേക സൈനിക സംഘം കണ്ടെത്തിയ രേഖകളിൽനിന്ന് എഴുത്തുകാരി നെല്ലി ലഹൂദ് ആണ് ഇക്കാര്യം വിലയിരുത്തിയത്.
തന്റെ കരിയറിന്റെ ഭൂരിഭാഗവും അൽ ഖാഇദയെക്കുറിച്ച് ഗവേഷണം നടത്തിയ ഗ്രന്ഥകാരിയാണ് നെല്ലി ലഹൂദ്. ഉസാമ ബിൻ ലാദന്റെ വ്യക്തിപരമായ കത്തുകളുടെയും കുറിപ്പുകളുടെയും ആയിരക്കണക്കിന് പേജുകളാണ് ഇവർ പരിശോധിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
9/11 ആക്രമണത്തിന് ശേഷം മൂന്ന് വർഷം ലാദൻ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും, പിന്നീട് 2004ൽ അൽ ഖായിദ അംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് പുതിയ ആക്രമണ പദ്ധതി വ്യക്തമാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. വിമാനം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ അമേരിക്കൻ റെയിൽവേയെ ലക്ഷ്യമിടണമെന്നും ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കണമെന്നും വ്യക്തമാക്കിയിരുന്നുവെന്നാണ് സി.ബി.എസ് ന്യൂസ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.