ജനനനിരക്ക് വർധിപ്പിക്കൽ: ചൈനയിൽ മൂന്നുകുട്ടി നിയമം പാസാക്കി
text_fieldsബെയ്ജിങ്: ജനനനിരക്ക് വർധിപ്പിക്കുന്നതിെൻറ ഭാഗമായി ചൈനയിൽ ദമ്പതികൾക്ക് മൂന്നു കുട്ടികളാവാമെന്ന നിയമം പാസാക്കി. നാഷനൽ പീപ്ൾസ് കോൺഗ്രസിലാണ് ഇതടക്കമുള്ള നിരവധി നിയമങ്ങൾ പാസാക്കിയത്. കഴിഞ്ഞ മേയിലാണ് ദമ്പതികൾക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന് ചൈന പ്രഖ്യാപിച്ചത്.
സാമ്പത്തിക ബാധ്യതയാകുമെന്ന് കണ്ടാണ് ചൈനയിലെ പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് കൂടുതൽ കുട്ടികളാകാമെന്ന നയംമാറ്റത്തിന് ചൈനയെ പ്രേരിപ്പിച്ചത്. 2016ലാണ് ചൈന ഒറ്റക്കുട്ടിനയം തിരുത്തിയെഴുതിയത്.
മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തിലധികം ജനനങ്ങളെ തടഞ്ഞുവെന്നാണ് ചൈനീസ് അധികൃതർ അവകാശപ്പെടുന്നത്. 60 വയസ്സിന് മുകളിലുള്ള ആളുകളുടെ ജനസംഖ്യ കഴിഞ്ഞവർഷം 18.7 ശതമാനം വർധിച്ച് 264 ദശലക്ഷമായി വളർന്നിട്ടുണ്ട്. ഇത് ചൈന അഭിമുഖീകരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെ വർധിപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പുതിയ നയം കൊണ്ടുവന്നത്.
എന്നാൽ, രണ്ടുകുട്ടി മാത്രമെന്ന നിയന്ത്രണം അവസാനിപ്പിച്ച് ദമ്പതികൾക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന ചൈനീസ് സർക്കാറിെൻറ പുതിയ നയത്തോട് പലരും മുഖംതിരിക്കുകയാണ്. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവോർത്താണ് പലരും വിയോജിക്കുന്നത്.
2016ൽ ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചപ്പോഴും ഭൂരിഭാഗത്തിെൻറയും പ്രതികരണം ഇതേരീതിയിൽ തന്നെയായിരുന്നു. രണ്ടുകുട്ടികൾ തന്നെ അധികമാണെന്ന നിലപാടാണ് പലർക്കും. എന്നാൽ, മൂന്ന് കുട്ടികളുള്ളവർക്ക് നികുതി ഇളവടക്കമുള്ള പല ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.