ജനന നിരക്ക് കുറയുന്നു; സിംഗപ്പൂരിന് വിദേശ തൊഴിലാളികളെ വേണം
text_fieldsസിംഗപ്പൂർ: കുറഞ്ഞ ജനന നിരക്കും തദ്ദേശീയ വിദഗ്ധ തൊഴിലാളികളുടെ അഭാവവും മൂലം കിതക്കുന്ന സിംഗപ്പൂർ സമ്പദ്ഘടനക്ക് കരുത്തേകാൻ വിദേശ തൊഴിലാളികളെ തേടുന്നു. അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്ക് കുതിപ്പേകാൻ നൂതന മേഖലകളിൽ നൈപുണ്യം നേടിയവർ അനിവാര്യമാണെന്ന് ബുധനാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഉപപ്രധാനമന്ത്രി ലോറൻസ് വോങ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ വർക്ക് പെർമിറ്റുള്ള വിദേശ തൊഴിലാളികളുടെ മൂന്നിൽ രണ്ടുഭാഗവും സിംഗപ്പൂരുകാർ ചെയ്യാൻ ഇഷ്ടപ്പെടാത്ത ജോലി ചെയ്യുന്നവരാണ്. ആഗോള രാഷ്ട്രീയ സാഹചര്യം കലുഷിതവും പ്രവചനാതീതവും ആയി മാറുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിച്ച് സമ്പദ്വ്യവസ്ഥക്ക് പുത്തനുണർവ് നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ൽ രാജ്യത്തെ ജനന നിരക്ക് 0.97 ശതമാനം ആയി കുറഞ്ഞു. ജനന നിരക്ക് ഒരു ശതമാനത്തിൽ താഴെയാകുന്നത് രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. യു.എ.ഇയെയും ഖത്തറിനെയും പോലെ പ്രകൃതി വിഭവങ്ങൾ ഇല്ലാത്തതിനാൽ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി മാത്രമേ വികസനം സാധ്യമാകൂ. അടുത്ത 10 വർഷത്തേക്ക് പ്രതിവർഷം രണ്ടു മുതൽ മൂന്നു ശതമാനം വരെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. നമ്മൾ തളർന്നാൽ ആരും രക്ഷിക്കാൻ വരില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
വളർച്ച ലക്ഷ്യംവെച്ച് 20 വർഷത്തിനിടെ വിവിധ സാമൂഹിക പദ്ധതികൾക്കായുള്ള സർക്കാറിന്റെ ചെലവഴിക്കൽ നാലിരട്ടിയാക്കിയിട്ടുണ്ട്. മികച്ച ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിലൂടെ ആഗോള വിപണിയിൽ ഉയർന്ന വില ലഭിക്കാനും തൊഴിലാളികൾക്ക് ഉയർന്ന ശമ്പളം നൽകാനും സാധിക്കും. വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിലൂടെ ഒരു ശതമാനം വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.