പാകിസ്താനിൽ രാഷ്ട്രീയറാലിയിൽ ചാവേർ സ്ഫോടനം; 40 മരണം
text_fieldsലാഹോർ: പാകിസ്താനിൽ രാഷ്ട്രീയസംഘടനയായ ജംഇയ്യതുൽ ഉലമായെ ഇസ്ലാം ഫസൽ (ജെ.യു.ഐ-എഫ്) റാലിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 40 പേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ ജെ.യു.ഐ-എഫ് പ്രാദേശിക നേതാവ് മൗലാന സിയാഉല്ലയുമുണ്ട്.
ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യയിൽ ബാജോഢ് ജില്ല ആസ്ഥാനമായ ഖറിൽ ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ സംഘടനാനേതാവ് മൗലാന ലഈഖ് പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. 500ലേറെ പേർ തടിച്ചുകൂടിയിരുന്നു.
പരിക്കേറ്റവരിൽ പലരുടെയും നില അതിഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ ഹെലികോപ്ടറിൽ പ്രവിശ്യാ ആസ്ഥാനമായ പെഷാവറിലെയും മറ്റു നഗരങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം വളഞ്ഞു. സൈന്യത്തെയും അർധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ജെ.യു.ഐ-എഫ് ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ രാഷ്ട്രീയസംഘടനകൾ ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രവിശ്യാ മുഖ്യമന്ത്രി അസം ഖാൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.