കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം നടന്നതായി യു.എസ് സൈന്യം സ്ഥിരീകരിച്ചു. നിരവധി പേർ മരിച്ചതായും 60ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് സേന നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായത്. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഈ ഗേറ്റ് അടച്ചിരുന്നു.
എയർപോർട്ട് ആക്രമിക്കുമെന്ന് ചാവേറുകൾ ഭീഷണി മുഴക്കിയതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കാബൂൾ എയർപോർട്ട് പരിസരം ഉടൻ വിടണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യാഴാഴ്ച തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാനായി ദിവസവും എയർപോർട്ടിലെത്തുന്നത്. ആഗസ്റ്റ് 15ന് താലിബാൻ രാജ്യം കീഴടക്കിയതോടെ, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന എയർലിഫ്റ്റ് വഴി ഏകദേശം 90,000 അഫ്ഗാനികളും വിദേശികളും പലായനം ചെയ്തതായാണ് കണക്ക്.
ബ്രിട്ടന്‍റെ മുന്നറിയിപ്പ്
രാജ്യംവിടാൻ ആയിരങ്ങൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിൽ അടുത്തുതന്നെ ശക്തമായ ഐ.എസ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്താവളത്തി െൻറ ഗേറ്റിന് പുറത്ത് സുരക്ഷാഭീഷണിയുണ്ടെന്ന് അമേരിക്കയും അറിയിച്ചിരുന്നു.
നിലവിൽ കാബൂൾ വിമാനത്താവളം അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ 5800 സൈനികരാണുള്ളത്. വിമാനത്താവളത്തിന് പുറത്ത് താലിബാൻ സേനയുടെ കാവലുണ്ട്. ആഗസ്റ്റ് 31നുള്ളിൽ സൈനികർ പൂർണമായി പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഒഴിപ്പിക്കൽ ഊർജിതമാക്കി. 24 മണിക്കൂറിനിടെ 13,400 പേരെ കൂടി ഒഴിപ്പിച്ചതായി അമേരിക്ക അറിയിച്ചു. താലിബാൻ കാബൂൾ പിടിച്ച ആഗസ്റ്റ് 14ന് ശേഷം ഒരുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. പാകിസ്താനിലേക്കും അതിർത്തി വഴി നിരവധി പേർ പലായനം ചെയ്യുന്നുണ്ട്. വിദേശസേന അഫ്ഗാൻ വിടുന്ന 31നകം പലർക്കും വിമാനത്താവളം വഴി അഫ്ഗാൻ വിടാൻ സാധിക്കുകയില്ലെന്നാണ് വിലയിരുത്തൽ.
വിദേശസേന പിന്മാറിയാൽ കാബൂൾ വിമാനത്താവള നടത്തിപ്പിന് താലിബാൻ തുർക്കിയോട് സാങ്കേതിക സഹായം തേടിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിന് സമീപം താലിബാൻ കൂടുതൽ സേനയെ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. രാജ്യാന്തര വിമാന സർവിസിനായി കാന്തഹാർ വിമാനത്താവളം തുറന്നുകൊടുത്തതായി അൽജസീറ റിപ്പോർട്ട്ചെയ്തു. തജികിസ്താനിൽനിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ആദ്യ വിമാനത്തിൽ ഇവിടെ എത്തിയത്.
അതേസമയം, കാബൂളിൽ ടോളോ ന്യൂസി െൻറ റിപ്പോർട്ടറെയും കാമറമാനെയും താലിബാൻ മർദിച്ചു. തൊഴിൽരഹിതരായവരെയും തൊഴിലാളികളെയും ചിത്രീകരിക്കുന്നതിനിടെയാണ് റിപ്പോർട്ടർ സിയർ സാദിനെയും കാമറമാൻ ബിയിസ് മാജിദിയെയും മർദിച്ചത്. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും താലിബാൻ തോക്കുകൊണ്ട് അടിച്ചുവെന്നും മൊബൈൽ ഫോൺ എടുത്തുവെന്നും യാദ് പറഞ്ഞു. താലിബാൻ അഫ്ഗാൻ പിടിച്ചശേഷം നിരവധി മാധ്യമപ്രവർത്തകർക്ക് മർദനമേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.