ഇസ്രായേലിനെ ആക്രമിച്ച് ഇറാൻ; മിസൈലുകളും ഡ്രോണുകളും അയച്ചു
text_fieldsതെഹ്റാൻ / തെൽ അവീവ്: ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്.
Surreal footage of the Iranian attack over Jerusalem's Temple Mount/Haram al-Sharif pic.twitter.com/NuSvF25HLX
— Emanuel (Mannie) Fabian (@manniefabian) April 13, 2024
ഇസ്രായേലിന് നേരെ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഡസൻ കണക്കിന് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പല മിസൈലുകളും എയർ ഡിഫൻസ് സിസ്റ്റം തകർത്തു. രാജ്യത്തിന്‍റെ തെക്ക് ഭാഗത്തെ ഒരു സൈനിക താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ഗോലാനിലെ ഏറ്റവും വലിയ നഗരമായ കാറ്റ്‌സ്രിനിലും സമീപത്തുള്ള രണ്ട് കമ്മ്യൂണിറ്റികളിലും റോക്കറ്റ് സൈറണുകൾ മുഴങ്ങി. ലെബനനിൽ നിന്നാണ് ഇവിടെ റോക്കറ്റ് ആക്രമണമെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തി. ഇസ്രായേൽ സൈനിക ആസ്ഥാനത്ത് സുരക്ഷാ കാബിനറ്റും യുദ്ധ കാബിനറ്റ് യോഗങ്ങളും ചേർന്ന ശേഷമാണ് നെതന്യാഹു ബൈഡനെ ഫോണിൽ വിളിച്ചത്.
ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി വ്യോമസേനാ മേധാവി, മിലിട്ടറി ഇന്‍റലിജൻസ് മേധാവി എന്നിവരുമായി സൈനിക ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ കൂടിയാലോചന നടത്തി.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രായേൽ ആക്രമണം നടത്തി മുതിർന്ന നേതാക്കളെ വധിച്ചതാണ് മേഖലയിലെ സാഹചര്യം വഷളാക്കിയത്. ഇസ്രായേലിനെതിരെ പ്രതികാരം തീർച്ചയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. 24 മുതൽ 48 മണിക്കൂറിനകം ഇസ്രായേലിന്‍റെ മണ്ണിൽ ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇന്‍റലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. തുർക്കി, ചൈന, സൗദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാൻ യു.എസ് ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്നലെ ഇസ്രായേലുമായി ബന്ധമുള്ള കണ്ടെയ്നർ കപ്പൽ ഇറാൻ പിടിച്ചെടുത്തു. പിന്നാലെ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം രണ്ടോടെ ഇസ്രായേലിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണവും നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.