കാഴചയുള്ളവരുടെ കൊടും ഭീകരതയിൽ നിന്ന് അഞ്ചുപേരെ ജീവിതത്തിലേക്ക് വഴികാണിച്ച അന്ധനായ റെയ്മണ്ടിന് വിട നൽകി നാട്
text_fields1995ൽ ഒകലഹോമയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ അഞ്ച് പേരുടെ ജീവൻ രക്ഷിച്ച് താരമായി മാറിയ റെയ്മണ്ട് വാഷ്ബേണിന് ജൻമനാട് അന്ത്യയാത്ര നൽകി. ജൻമനാ കാഴ്ച ശേഷി ഇല്ലാതിരുന്ന അദ്ദേഹം 75ാം വയസിൽ കഴിഞ്ഞ 16 നാണ് അന്തരിച്ചത്.
26 വർഷം മുമ്പ്, നാടിനെ നടുക്കിയ ഒരു ബോംബ് സ്ഫോടനത്തിൽ നിന്ന് ജീവിതത്തിലേക്ക് അഞ്ചുപേരെ അദ്ദേഹം വഴികാണിക്കുകയായിരുന്നു. തനിക്ക് കാഴ്ച ശേഷി ഇല്ലാതിരുന്നത് കൊണ്ട് സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായിരുന്നില്ലെന്നും അതുകൊണ്ടാണ് മറ്റുള്ളവരെ അനായാസമായി വഴി കാണിക്കാൻ കഴിഞ്ഞതെന്നും പിന്നീടദ്ദേഹം പറഞ്ഞിരുന്നു.
ഒകലഹോമയിൽ റെയ്മണ്ട് വാഷ്ബേസിൻ ഭക്ഷണ ശാല നടത്തുന്ന കെട്ടിടത്തിലായിരുന്നു സ്ഫോടനമുണ്ടായത്. 32 വർഷമായി അവിടെ ഭക്ഷണശാല നടത്തുകയായിരുന്നു അദ്ദേഹം. 1995 ഏപ്രിൽ 19ന് മുൻ സൈനികനും, സുരക്ഷാ ഉദ്ദ്യോഗസ്ഥനുമായ തിമോത്തി മക്വീഗ് ഓകലഹോമയിലെ ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുൻപിൽ ഒരു വാഹനം പാർക്ക് ചെയ്ത് നടന്നകന്നു. വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ചു.
19 കുട്ടികളടക്കം 168 പേരാണ് അന്ന് മരണത്തിന് കീഴടങ്ങിയത്. വാഷ്ബേണിന്‍റെ ഭക്ഷണശാലയിൽ സംഭവസമയം നാല് ഉപഭോക്താക്കളുൾപ്പെടെ അഞ്ച് പോരാണുണ്ടായിരുന്നത്. കാഴ്ച ശേഷി ഉണ്ടായിരുന്നില്ലെങ്കിലും മൂന്ന് പതിറ്റാണ്ടിലേറെ താൻ പ്രവർത്തിച്ച കെട്ടിടവും പരിസരവും വാഷ്ബേണിന് ഉള്ളംകൈ പോലെ സുപരിചിതമായിരുന്നു.
ബോംബ് പൊട്ടിത്തെറിച്ചതോടെ ജനങ്ങൾ നാലുപാടും ചിതറിയോടി. "കാഴ്ച്ചയില്ലാത്തതായിരുന്നു മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ എനിക്കുള്ള ഗുണം. നമ്മളാൽ കഴിയുന്ന വിധം മറ്റൊരാളെ സഹായിക്കാൻ നമ്മൾ പ്രവർത്തിക്കേണ്ട സമയമാണതെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. എങ്ങനെ അവിടെ നിന്നും പുറത്തുകടക്കണമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഞങ്ങളുടെ വഴിയിൽ എന്തെല്ലാം സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു" -ഭീകരമായ ആ സമയത്തെ വാഷ്ബേൺ ഓർത്തെടുത്തത് ഇങ്ങനെയാണ്. ആക്രമണത്തിൽ 168 പേർ കൊല്ലപ്പെടുകയും, മുന്നൂറോളം പേർ പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. അവരിൽ അഞ്ച് പേരുടെ ജീവൻ രക്ഷിച്ചത് അന്ധനായ വാഷ്ബേണായിരുന്നു.
വാഷ്ബേണിന്‍റെ ജീവിതം പരിശോധിച്ചാൽ ദൈവം ഒരുപക്ഷേ അദ്ദേഹത്തെ പാകപ്പെടുത്തിയത് ആ നിമിഷത്തിന് വേണ്ടിയാകാമെന്നാണ് സുഹൃത്ത് പ്രിൻസെല്ല സ്മിത്ത് സ്മരിച്ചു.
കാഴ്ച്ച ശക്തിയില്ലെങ്കിലും ശബ്ദവും, ചലനങ്ങളും അടിസ്ഥാനപ്പെടുത്തി മനുഷ്യരെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു വാഷ്ബേണിന്. സാധാരണ മനുഷ്യനെ പോലെ തൊഴിലിനും പഠനത്തിനും ദൈനംദിന ജീവിതത്തിനും തന്‍റെ വൈകല്യം വാഷ്ബേണിനെ ഒരിക്കലും തളർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് വാഷ്ബേണിന്‍റെ ജീവിതം പ്രചോദനകരമാകുന്നതും.
"നല്ല നിമിഷങ്ങളെയും, മനുഷ്യരേയും എന്നും മനുഷ്യൻ ഓർക്കും. റെയ്മണ്ട് വാഷ്ബേൺ എന്ന ധീര നായകനും അവരിലൊരാളായി എന്നും അറിയപ്പെടും" -സുഹൃത്ത് റിച്ചാർഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.