വെടിനിർത്തൽ ചർച്ച: ബ്ലിങ്കൻ പശ്ചിമേഷ്യൻ പര്യടനത്തിൽ ഗസ്സയിൽ ആകെ മരണം 27,585
text_fieldsകൈറോ: ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച ചർച്ചകൾക്കായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും പശ്ചിമേഷ്യൻ പര്യടനത്തിൽ. സൗദി അറേബ്യ സന്ദർശിച്ചശേഷം ചൊവ്വാഴ്ച കൈറോയിലെത്തിയ അദ്ദേഹം പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറും സന്ദർശിച്ചശേഷം ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ആലോചനക്കായി യുദ്ധ മന്ത്രിസഭ യോഗത്തിലും പങ്കെടുക്കും. യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്റെ അഞ്ചാം പശ്ചിമേഷ്യൻ സന്ദർശനമാണിത്.
ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച നിർദേശങ്ങൾ നേരത്തേ മധ്യസ്ഥരായ ഖത്തറും ഈജിപ്തും വഴി ഹമാസിന് കൈമാറിയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. യുദ്ധം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്തൽ ഇല്ലെന്ന നിലപാടിലാണ് ഹമാസ്. ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫയിൽ ആക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ തീരുമാനത്തിൽ അൽസീസിയും ആശങ്ക അറിയിച്ചിട്ടുണ്ട്.
ഗസ്സയുടെ മറ്റു ഭാഗങ്ങളിൽ നടത്തിയ ഇസ്രായേൽ ആക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർ റഫയിലെ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവരെ വീണ്ടും ആട്ടിപ്പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ആക്രമണമെന്ന് ഈജിപ്ത് കരുതുന്നു. എന്തുവന്നാലും അതിർത്തി കടന്ന് ഈജിപ്തിലെത്താൻ ഇവരെ അനുവദിക്കില്ലെന്നാണ് അൽസീസി ഭരണകൂടത്തിന്റെ നിലപാട്. എന്നാൽ, ഗസ്സക്കാരെ നിർബന്ധിച്ച് പുറത്താക്കാൻ അനുവദിക്കില്ലെന്ന് അൽസീസിയുമായുള്ള കൂടിക്കാഴ്ചയിൽ ബ്ലിങ്കൻ ആവർത്തിച്ചു.
ചെങ്കടലിൽ ചരക്ക്, യുദ്ധക്കപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണവും സഖ്യസേനയുടെ ഹൂതി കേന്ദ്രങ്ങളിലെ പ്രത്യാക്രമണവും തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ സംഘർഷം പടരാതെ നോക്കുകയെന്ന ലക്ഷ്യവും ബ്ലിങ്കന്റെ സന്ദർശനത്തിനുണ്ട്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാതെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപ്പെട്ടു. അതേസമയം, ചെങ്കടലിൽ ബ്രിട്ടന്റെയും അമേരിക്കയുടെയും ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾക്കുനേരെ യമനിലെ ഹുദൈദക്ക് സമീപം ഹൂതികൾ ഡ്രോൺ ആക്രമണം നടന്നു.
കിഴക്കൻ സിറിയയിൽ ഞായറാഴ്ച രാത്രി നടന്ന ഡ്രോൺ ആക്രമണത്തിൽ ആറ് കുർദിഷ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഏറ്റെടുത്തിട്ടുണ്ട്. പോരാട്ടം രൂക്ഷമായ ഗസ്സയിൽ 24 മണിക്കൂറിനിടെ 127 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 27,585 ആയി. 66,978 പേർക്ക് പരിക്കുണ്ട്. ഖാൻ യൂനുസിൽ നിരവധി ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.