ഇസ്രായേലിനുമേൽ സമ്മർദ്ദം; ഇത് വെടിനിർത്തലിനുള്ള അവസാന അവസരമെന്ന് ബ്ലിങ്കൻ
text_fieldsതെൽ അവീവ്: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിതെന്ന് ബ്ലിങ്കൻ പറഞ്ഞു.
ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച പോസിറ്റിവ് ആയിരുന്നുവെന്ന് പ്രതികരിച്ച നെതന്യാഹു യു.എസിന്റെ നിർദേശങ്ങളോട് പ്രതിജ്ഞബദ്ധമാണെന്ന് പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഒമ്പതാം തവണയാണ് ബ്ലിങ്കൻ പശ്ചിമേഷ്യ സന്ദർശിക്കുന്നത്. വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ച ഈയാഴ്ച ഈജിപ്തിൽ പുനരാരംഭിക്കാനിരിക്കെ സമവായത്തിന് വഴങ്ങാൻ ബ്ലിങ്കൻ പ്രധാനമന്ത്രി നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നു. ഓരോതവണയും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് നെതന്യാഹു പ്രശ്നപരിഹാരം തടസ്സപ്പെടുത്തുകയാണെന്ന് നേരത്തേ ഹമാസ് ആരോപിച്ചിരുന്നു.
ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന ഭീഷണിക്കിടെയാണ് യു.എസ് മധ്യസ്ഥ ശ്രമം ഊർജിതപ്പെടുത്തിയത്. ഗസ്സയിൽ വെടിനിർത്തൽ സാധ്യമായാൽ ഇറാൻ പ്രതികാര നടപടിയിൽനിന്ന് പിന്മാറുമെന്ന സൂചനയും ഇപ്പോഴത്തെ ഊർജിത ശ്രമത്തിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.