ചൈന സന്ദർശനം റദ്ദാക്കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി; അത്തരമൊരു സന്ദർശനമേ പ്രഖ്യാപിച്ചിരുന്നില്ലെന്ന് ചൈന
text_fieldsബെയ്ജിങ്: ചൈനീസ് ചാരബലൂൺ യു.എസ് വെടിവെച്ചിട്ടതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം റദ്ദാക്കി. ചാര ബലൂണല്ലെന്നും കാലാവസ്ഥ നിരീക്ഷണ ബലൂണാണെന്നും അബദ്ധത്തിൽ യു.എസ് ആകാശ പരിധിയിൽ എത്തിയതാണെന്നുമായിരുന്നു ചൈനയുടെ ആരോപണം. ചൈന-യു.എസ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ പരിഹരിക്കാൻ വേണ്ടി നടത്താനിരുന്ന സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം ഇതേ തുടർന്ന് റദ്ദാക്കുകയായിരുന്നു.
എന്നാൽ ഇത്തരത്തിലൊരു സന്ദർശനത്തിന് ഇരു രാജ്യങ്ങളും പദ്ധതിയിട്ടിരുന്നില്ലെന്ന് ചൈന പറഞ്ഞു.
‘യഥാർഥത്തിൽ യു.എസും ചൈനയും ഇത്തരത്തിലൊരു സന്ദർശനത്തിന് പദ്ധതിയിട്ടിട്ടില്ല. യു.എസ് അത്തരത്തിൽ എന്തെങ്കിലും പ്രഖ്യാപനം നടത്തുന്നത് അവരുടെ കാര്യമാണ്. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു’ -ചൈന വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
യു.എസ് - ചൈന പ്രശ്നങ്ങളുടെ പരിഹാരാർഥം ഞായറാഴ്ച ചൈന സന്ദർശിക്കാനിരിക്കുകയായിരുന്നു ബ്ലിങ്കൻ. ഇന്തോനേഷ്യയിൽ ഇരു രാജ്യങ്ങളുടെയും നേതാക്കൾ പരസ്പരം കണ്ടതിനു ശേഷം നടക്കുന്ന ആദ്യ നേതൃതല സന്ദർശനമായിരുന്നു ഇത്. എന്നാൽ യു.എസ് ആകാശ പരിധിയിൽ ചൈനീസ് ബലൂൺ കണ്ടെത്തുകയും ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് യു.എസ് ധൃതി പിടിച്ച് ചൈന സന്ദർശനം റദ്ദാക്കിയത്.
യു.എസ് ബലൂൺ വെടിവെച്ചിട്ടതോടെ ചൈന ശക്തമായി പ്രതികരിച്ചിരുന്നു. യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായത് അമിത പ്രതികരണമാണെന്നും അന്തർദേശീയതലത്തിൽ നിലനിൽക്കുന്ന ചട്ടങ്ങളുടെ ലംഘനമാണ് യു.എസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബലൂൺ അബദ്ധത്തിലാണ് യു.എസിലെത്തിയതെന്നും ചൈന അറിയിച്ചിരുന്നു.
അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്ന് ആരോപിച്ചാണ് യു.എസ് ബലൂൺ വെടിവെച്ചിട്ടത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.
ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധനമേർപ്പെടുത്തുകയും ചെയ്തു. എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂൺ വെടിവെച്ചിടാൻ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്. സൗത്ത് കരോലിനക്ക് സമീപമുള്ള സമുദ്രഭാഗത്താണ് ബലൂൺ പതിച്ചത്
ബലൂണിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ യു.എസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകൾ തെരച്ചിൽ ആരംഭിച്ചു. ബലൂൺ വെടിവെച്ചിടാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. അവർ വിജയകരമായി ബലൂൺ വീഴ്ത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച് ജോ ബൈഡൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.