സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി
text_fieldsകൈറോ: സൂയസ് കനാലിൽ കുറുകെ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ 'എവർഗ്രീൻ' ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. കപ്പലിന്‍റെ മുൻ, പിൻ ഭാഗങ്ങൾ നാലു മീറ്റർ ചലിച്ചതായി സൂയസ് കനാൽ അതോറിറ്റി ചെയർമാൻ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്സ്ട്രാ ന്യൂസ് റിപ്പോർട്ട് ചെയ്തു. കപ്പൽ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇപ്പോൾ പുരോഗതി ഉണ്ടായത്.
കപ്പൽ നീക്കാനുള്ള ശ്രമങ്ങളിൽ ഗുണകരമായ മാറ്റങ്ങളാണ് ഉള്ളത്. കപ്പലിന്‍റെ മുൻഭാഗം ചലിച്ചു തുടങ്ങിയിട്ടുണ്ട്. പ്രൊപ്പലർ പ്രവർത്തന സജ്ജമായി. മണൽതിട്ടയിൽ ഇടിച്ച കപ്പലിന്‍റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങിയെന്നും ഉസാമ റബി വ്യക്തമാക്കി.
കൂടുതൽ ടഗ് ബോട്ടുകൾ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പൽ മോചിപ്പിച്ചും കണ്ടയ്നറുകൾ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കാൻ ശ്രമം തുടരുന്നത്. ഇതിന്‍റെ ഭാഗമായി 24 മണിക്കൂറിൽ 12 മണിക്കൂർ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂർ ടഗ് ബോട്ടുകൾ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. നിലവിൽ 14 ടഗ് ബോട്ടുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ആഴത്തിൽ പുതഞ്ഞു കിടക്കുന്നതിനാൽ ടഗ് ബോട്ടുകൾ ഉപയോഗിച്ച് വലിച്ചുനീക്കൽ എളുപ്പമല്ല. എസ്കവേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള ഡ്രെഡ്ജിങ് പുരോഗമിക്കുകയാണ്.
നെതർലൻഡ്സ് ആസ്ഥാനമായുള്ള ബോസ്കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. 60 അടി താഴ്ചയിൽ 950,000 ക്യുബിക് അടി മണൽ നീക്കം ചെയ്തിട്ടുണ്ട്. മണ്ണിന് അടിത്തട്ടിലുള്ള പാറയാണ് ദൗത്യം വൈകാൻ ഇടയാക്കുന്നത്. വേലിയേറ്റ സമയത്ത് കപ്പൽ ചലിപ്പിക്കാൻ നടത്തിയ രണ്ട് ശ്രമങ്ങളം പരാജയപ്പെട്ടിരുന്നു.
ഏഷ്യയിൽ നിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാത ആറു ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം എൽ.എൻ.ജി, എൽ.പി.ജി ഉൽപന്നങ്ങൾ, വസ്ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർടുകൾ അടക്കമുള്ളവ കയറ്റിയ 369ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്. കനാലിൽ കുടുങ്ങിയത് വഴി വലിയ നഷ്ടം നേരിട്ട കപ്പലുകൾക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൂയസ് കനാൽ അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചയാണ് എവർഗ്രീൻ എന്ന ജപ്പാൻ ചരക്കുകപ്പൽ സൂയസ് കനാലിന് മധ്യേ ചേറിൽ പുതഞ്ഞത്. 2,24,000 ടൺ ചരക്ക് കയറ്റാൻ േശഷിയുള്ളതാണ് കപ്പൽ. ജപ്പാനിലെ ഷൂയി കിസെൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ തായ്വാൻ കമ്പനിയായ എവർഗ്രീൻ മറൈനാണ് സർവിസിന് ഉപയോഗിക്കുന്നത്.
പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ് സൂയസ് കനാൽ. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.