18 അഫ്ഗാൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ തിരിച്ചെത്തിച്ചു
text_fieldsകാബൂൾ: ബൾഗേറിയയിലേക്ക് കടത്തുന്നതിനിടെ മരിച്ച 18 അഫ്ഗാൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ബുധനാഴ്ച അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലേക്ക് എത്തിച്ചതായി താലിബാൻ സർക്കാറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഫെബ്രുവരിയിൽ ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽനിന്ന് ഏറെ അകലെയുള്ള ഒരു ഹൈവേയിൽ ഉപേക്ഷിച്ച ട്രക്കിന്റെ പിന്നിൽ ഒരു ലോഡ് തടികൾക്ക് താഴെയുള്ള രഹസ്യ അറയിൽനിന്നാണ് ബൾഗേറിയൻ അധികൃതർ മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടത്തുന്നതിനിടെ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ബൾഗേറിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചയക്കുന്നതിനുള്ള പണം തങ്ങൾ നൽകിയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉപ വക്താവ് സിയ അഹമ്മദ് തകാൽ പറഞ്ഞു.
ബൾഗേറിയൻ നിയമ നടപടികളും 2021 ആഗസ്റ്റിൽ താലിബാൻ അധികാരമേറ്റശേഷം ഏർപ്പെടുത്തിയ ‘ക്രൂരമായ ബാങ്കിങ് നിയന്ത്രണ’വുമാണ് മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്നതിൽ കാലതാമസമുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.