ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേൽ
text_fieldsജറൂസലം: ഹമാസ് ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തു. തെക്കൻ ഗസ്സ നഗരമായ റഫയിലെ ഒരു തുരങ്കത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ രക്ഷിക്കാൻ സൈന്യം എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി പറഞ്ഞു.
അമേരിക്കൻ വംശജനായ ഇസ്രായേൽ പൗരൻ ഹെർഷ് ഗോൾഡ്ബർഗ് -പോളിൻ (23), ഒറി ഡാനിനോ (25), ഏദൻ യെരുഷാൽമി (24), ആൽമങ് സരൂസി (27), അലക്സാണ്ടർ ലോബനോവ് (33), കാർമൽ ഗാട്ട് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലെ സംഗീത പരിപാടിക്കിടെയാണ് ആദ്യ അഞ്ചുപേരെയും ഹമാസ് തട്ടിക്കൊണ്ടുപോയത്.
കാർമൽ ഗാട്ടിനെ ബേറിയിലെ ഒരു കാർഷിക മേഖലയിൽനിന്നുമാണ് തട്ടിക്കൊണ്ടുപോയത്. ഹെർഷ് ഗോൾഡ്ബർഗിെന്റ മോചനത്തിനായി മാതാപിതാക്കൾ അന്താരാഷ്ട്രതലത്തിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധ നേടിയിരുന്നു. ബന്ദികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, കൊലപാതകത്തിന് ഹമാസ് ഉത്തരം പറയേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ഹമാസ് വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്നാണ് നിഷ്ഠുരമായ കൊലപാതകം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബന്ദികൾ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രിക്കെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമായി. ഹമാസുമായി വെടിനിർത്തൽ കരാറുണ്ടാക്കി മുഴുവൻ ബന്ദികളെയും ജീവനോടെ തിരിച്ചെത്തിക്കാൻ കഴിയാത്തതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും പ്രതിഷേധത്തിലാണ്. ഞായറാഴ്ച രാജ്യത്ത് പ്രതിഷേധ റാലികളും നടത്തി.
ജൂലൈയിൽ ഏകദേശ ധാരണയായ വെടിനിർത്തൽ കരാർപ്രകാരം വിട്ടയക്കേണ്ടിയിരുന്നവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മൂന്ന് ബന്ദികൾ. എന്നാൽ, കരാർ നീണ്ടുപോയതോടെ ഇവരുടെ മോചനവും സാധ്യമായില്ല. ബന്ദികളുടെ മരണത്തിന് ഇസ്രായേലും അമേരിക്കയുമാണ് ഉത്തരവാദികളെന്ന് ഹമാസ് മുതിർന്ന നേതാവ് ഇസ്സത് അൽ രിശ്ഖ് പറഞ്ഞു. ജൂലൈയിൽ ഹമാസ് അംഗീകരിച്ച കരാർ ഇസ്രായേൽ സ്വീകരിച്ചിരുന്നെങ്കിൽ ബന്ദികൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.