നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വിട്ടുനൽകും; പകരം 600ഓളം ഫലസ്തീൻ തടവുകാരെ കൈമാറും
text_fieldsഗസ്സ സിറ്റി: നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് വ്യാഴാഴ്ച വിട്ടുകൊടുക്കും. പകരമായി 600ഓളം ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും.
നേരത്തെ, തടവുകാരുടെ മോചനം ഇസ്രായേൽ വൈകിപ്പിച്ചത് വെടിനിർത്തൽ കരാറിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുളവാക്കിയിരുന്നു. ആദ്യഘട്ട വെടിനിർത്തൽ കരാർ സമാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിൽ പുരോഗതിയുണ്ടായിരിക്കുന്നത്.
തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ വിസമ്മതിക്കുന്നത് കരാറിന്റെ ഗുരുതരമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. തടവുകാരെ വിട്ടയക്കാതെ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി. ഇതിനിടെയാണ്, മധ്യസ്ഥർ മുൻകൈയെടുത്ത് ഇരു കൂട്ടർക്കുമിടയിൽ ധാരണയുണ്ടാക്കിയത്.
നാലുപേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വിട്ടുനൽകുമെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖ്വനൂ വാർത്താ ഏജൻസിയോട് പറഞ്ഞു. മൃതദേഹങ്ങൾ വിട്ടുനൽകുന്ന കാര്യം ഇസ്രായേൽ പ്രതിനിധിയും സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.