തുർക്കിയ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
text_fieldsഅങ്കാറ: തുർക്കിയയിലുണ്ടായ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാർ (35) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഇടത് കൈയിലെ ടാറ്റൂ കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്.
അനറ്റോലിയയിലെ മലാട്യ നഗരത്തിൽ 24 നിലയുള്ള ഹോട്ടൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു മൃതദേഹം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓക്സി പ്ലാന്റ്സ് ഇന്ത്യ എന്ന കമ്പനിയിലെ ജീവനക്കാരനായ വിജയ് കുമാർ കഴിഞ്ഞ മാസം 23നാണ് തുർക്കിയയിലെത്തിയത്. തുടർന്ന് ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ ബാഗും പാസ്പോർട്ടും നേരത്തെ കണ്ടെത്തിയിരുന്നു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
സിറിയയിൽ വീട് നഷ്ടമായത് 53 ലക്ഷം പേർക്ക്
അലെപ്പോ: 12 വർഷത്തെ ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന സിറിയയിൽ ഇടിത്തീയായി മാറിയ ഭൂകമ്പം അതിജീവനം തന്നെ പ്രയാസമാക്കിയതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ വക്താവ്. 53 ലക്ഷം പേർക്കാണ് താമസ സൗകര്യം നഷ്ടമായതെന്ന് യു.എൻ അഭയാർഥികൾക്കായുള്ള ഹൈക്കമീഷണറുടെ സിറിയയിലെ പ്രതിനിധി ശിവങ്ക ധനപാല പറഞ്ഞു. സിറിയയിലും തുർക്കിയിൽ അഭയാർഥികളായി കഴിയുന്ന സിറിയക്കാർക്കും താമസസൗകര്യം നഷ്ടമായിട്ടുണ്ട്.
സിറിയയിൽ ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച സ്ഥലങ്ങളിൽ സഹായം എത്തിക്കാൻ ശ്രമം തുടരുകയാണ്. വളരെ ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച 14 ട്രക്കുകൾ കൂടി ദുരിതാശ്വാസ സഹായവുമായി തുർക്കിയ അതിർത്തി കടന്നിട്ടുണ്ട്. വ്യാഴാഴ്ച ആറ് ട്രക്കുകളും സിറിയയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.