ബോയിംഗ് സ്റ്റാർലൈനർ ഭൂമിയിൽ മടങ്ങിയെത്തി; സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ
text_fieldsവാഷിംങ്ടൺ: ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ബഹിരാകാശ യാത്രികൾ ഇല്ലാതെ ഭൂമിയിൽ മടങ്ങിയെത്തി. സുനിത വില്യംസ് അടക്കമുള്ള യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. ഭ്രമണപഥത്തിലെ ലാബിൽനിന്ന് അൺഡോക്ക് ചെയ്തശേഷം ആളില്ലാ പേടകം സ്വയംനിയന്ത്രിത മോഡിൽ സഞ്ചരിച്ചു.
നാസയുടെ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുമായി ബഹിരാകാശ നിലയത്തിൽ ഇറങ്ങിയതിനുശേഷം സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ട വാഹനത്തിന്റെ മടക്കയാത്ര വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെട്ടതിനെ തുടർന്നാണ് യാത്രികർ നിലയത്തിൽ തന്നെ തങ്ങാൻ നിർബന്ധിതരായത്. എട്ടു ദിവസം മാത്രം ലക്ഷ്യമിട്ട നിലയത്തിലെ വാസം തുടർന്ന് എട്ട് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരും മടങ്ങുമെന്നാണ് ഏറ്റവും ഒടുവിൽ നാസ പുറത്തുവിട്ടത്.
വിജയകരമായ ലാൻഡിങ്ങിൽ താൻ സന്തുഷ്ടനാണെന്നും എന്നാൽ ആദ്യം ആസൂത്രണം ചെയ്തതുപോലെ നടന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും സ്റ്റാർലൈനർ തിരിച്ചെത്തിയതിനുശേഷം നാസ വക്താവ് പ്രതികരിച്ചു. പേടകത്തിന്റെ തിരിച്ചുള്ള യാത്ര ആറു മണിക്കൂർ നീണ്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചശേഷം ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 5.01ന് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ഇറങ്ങി. ഇറക്കം മന്ദഗതിയിലാക്കാൻ പാരച്യൂട്ടുകൾ ഉപയോഗിച്ചു.
സുനിതയും ബുച്ചും നല്ല മാനസികാവസ്ഥയിലാണെന്നും അവരുടെ കുടുംബങ്ങളുമായി നിരന്തരം സമ്പർക്കത്തിലാണെന്നും നാസ നേരത്തെ പുറത്തുവിട്ടിരുന്നു. രണ്ട് ബഹിരാകാശ സഞ്ചാരികളും തങ്ങളുടെ ജോലിയിൽ ആവേശം കാണിക്കുന്നവരാണെന്ന് നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു.
ബഹിരാകാശ സഞ്ചാരികളുമായി ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലാണിത്. വിക്ഷേപണത്തിനു പിന്നാലെ സ്റ്റാർലൈനർ പ്രശ്‌നങ്ങളാൽ വലഞ്ഞു. ബോയിംഗിലെയും നാസയിലെയും എൻജിനിയർമാർ സാങ്കേതിക പ്രശ്‌നങ്ങൾ മനസിലാക്കാൻ മാസങ്ങളോളം ശ്രമിച്ചുവെങ്കിലും നടന്നില്ല. ആഗസ്റ്റ് അവസാനത്തോടെ യു.എസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികരെ വീട്ടിലെത്തിക്കാൻ സ്റ്റാർലൈനർ സുരക്ഷിതമല്ലെന്ന് തീരുമാനിച്ചു.
എന്നാൽ, വിജയകരമായ ലാൻഡിംഗിൽ നമുക്കെല്ലാവർക്കും സന്തോഷം തോന്നുന്നുവെന്നാണ് ലാൻഡിംഗിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞത്. ബ്രീഫിംഗ് പാനലിൽ നാസ ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്. ഹാജരാകേണ്ട രണ്ട് ബോയിംഗ് പ്രതിനിധികളെ കാണാനില്ലായിരുന്നു. അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദൗത്യത്തെ പ്രതിനിധീകരിക്കാൻ നാസയെ ഏൽപിച്ചതായി ബോയിംഗ് തീരുമാനിച്ചുവെന്നായിരുന്നു നാസ ഉദ്യോഗസ്ഥൻ ജോയൽ മൊണ്ടാൽബാനോയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.