സൈനിക അട്ടിമറി തകർത്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബൊളീവിയൻ പ്രസിഡന്‍റ്; സൈനിക ജനറൽ അറസ്റ്റിൽ
text_fieldsലാപാസ്: സൈനിക അട്ടിമറി തകർത്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബൊളീവിയൻ പ്രസിഡന്‍റ് ലൂയിസ് ആർസ്. മന്ത്രിസഭാംഗങ്ങൾക്കൊപ്പം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത ലൂയിസ് ആർസ്, ബൊളീവിയൻ ജനതക്ക് നന്ദിയെന്നും ജനാധിപത്യം ജീവിക്കട്ടെ എന്നും പറഞ്ഞു.
ബുധനാഴ്ചയാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന്‍റെ വാതിലുകളിൽ സൈന്യത്തിന്‍റെ കവചിത വാഹനങ്ങൾ നിലയുറപ്പിച്ചത്. അട്ടിമറി വിവരമറിഞ്ഞ ലൂയിസ് ആർസിന്‍റെ നൂറുകണക്കിന് അനുയായികൾ ബൊളീവിയൻ പതാകകൾ വീശിയും ദേശീയഗാനം ആലപിച്ചും കൊട്ടാരത്തിന് പുറത്തുള്ള ചത്വരത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് സൈനിക വാഹനങ്ങൾ കൊട്ടാരത്തിൽ നിന്ന് പിന്മാറി.
അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ചത് ജനറൽ ജുവാൻ ജോസ് സിനിഗയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ, സിനിഗക്കെതിരെ ചുമത്തിയ കുറ്റങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. പുതിയ സൈനിക മേധാവിയെ പ്രസിഡന്‍റ് നിയമിച്ചിട്ടുണ്ട്.
അതേസമയം, സൈനിക അട്ടിമറി ശ്രമത്തിന് പിന്നിൽ പ്രസിഡന്‍റ് ലൂയിസ് ആർസ് തന്നെയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരം നേരിടുന്ന പ്രസിഡന്‍റിന്‍റെ നിർദേശ പ്രകാരമാണ് വ്യാജ അട്ടിമറി സൃഷ്ടിച്ചതെന്ന് ജനറൽ ജുവാൻ ജോസ് സിനിഗ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണകൂടത്തിന്‍റെ സ്ഥിതി മോശമായ സാഹചര്യത്തിൽ ജനപ്രീതി വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പ്രസിഡന്‍റ് പറഞ്ഞെന്നാണ് സിനിഗ അവകാശപ്പെടുന്നത്.
രാഷ്ട്രീയ അട്ടിമറികൾ അപരിചിതമല്ലാത്ത രാജ്യമാണ് മധ്യ- തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയ. രാഷ്ട്രീയ പ്രതിസന്ധയെ തുടർന്ന് 2019ൽ ഇവോ മൊറേൽസിനെ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധയെയും ശക്തമായ പ്രതിഷേധങ്ങളെയും അഭിമുഖീകരിക്കുന്ന ബൊളീവിയയിൽ ഭരണം നിലനിർത്താൻ ആർസ് ശ്രമിക്കുമ്പോൾ മുൻ പ്രസിഡന്‍റും ഇടതുപക്ഷക്കാരനുമായ മൊറേൽസ് ഭരണം പിടിക്കാനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.