സപോറിഷ്യയിലും ഖേഴ്സണിലും തീതുപ്പി റഷ്യ; 16 മരണം
text_fieldsകിയവ്: കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്ത യുക്രെയ്ൻ പ്രവിശ്യകളായ സപോറിഷ്യയിലും ഖേഴ്സണിലും കനത്ത ബോംബാക്രമണവുമായി റഷ്യ. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമുള്ള സപോറിഷ്യയിലെ ആക്രമണത്തിൽ 11 പേരും ഖേഴ്സണിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. സപോറിഷ്യയിൽ അപ്പാർട്മെന്റ് കെട്ടിടമാണ് എസ്-300 മിസൈലുകളുമായി ആക്രമിക്കപ്പെട്ടത്. 11 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് 21 പേരെ രക്ഷപ്പെടുത്തി. 15 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഇവർക്കായി രക്ഷാദൗത്യം തുടരുകയാണെന്ന് പട്ടണത്തിലെ സൈനിക മേധാവി ഒലിക്സാണ്ടർ സ്റ്റാറുഖ് പറഞ്ഞു.
ഖേഴ്സണിൽ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയിൽ സിവിലിയന്മാർ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അത്രയും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിനിടെ, റഷ്യയിൽനിന്ന് യുക്രെയ്ൻ സേന വീണ്ടെടുത്ത ഖാർകിവിലെ പ്രദേശങ്ങളിൽനിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം. റഷ്യൻ സേന വിട്ടുപോയ പ്രദേശങ്ങളിൽ 19 കുട്ടികൾ ഉൾപ്പെടെ 534 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. ഇസിയം പട്ടണത്തിലാണ് ഏറ്റവും കൂടുതൽ കണ്ടെത്തിയത്- 447 പേർ. ഇവിടെനിന്ന് പിടിച്ച 22 പേർ ഇപ്പോഴും റഷ്യൻ സേനയുടെ കസ്റ്റഡിയിലാണെന്നും അധികൃതർ പറഞ്ഞു.
അതേ സമയം, യുക്രെയ്ൻ കൂടുതൽ മേഖലകൾ തിരിച്ചുപിടിക്കുന്നത് തുടരുകയാണ്. തെക്കൻ മേഖലയിൽ മാത്രം 500 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കഴിഞ്ഞദിവസം തിരിച്ചുപിടിച്ചതെന്ന് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ആശങ്കയുടെ കരിനിഴലായി 'ആണവയുദ്ധം'
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം റഷ്യ പിടിച്ചടക്കിയതിനു പിന്നാലെ മേഖലയെ ഭീതിയിലാഴ്ത്തി ആണവപോര്. റഷ്യ ആണവായുധങ്ങൾ പരീക്ഷിക്കുന്നത് തടയാൻ 'മുൻകരുതൽ ആക്രമണങ്ങൾ' വേണമെന്ന് കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആണവായുധ പ്രയോഗസാധ്യത ഇരുവശത്തും പ്രകടമായത്. നാറ്റോയോടായിരുന്നു സെലൻസ്കിയുടെ ആവശ്യം. റഷ്യയിൽ ആണവായുധം വർഷിക്കാൻ സെലൻസ്കി ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇതിനെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിശദീകരിച്ചു. എന്നാൽ, ഫെബ്രുവരി 24ന് മുമ്പുള്ള സാഹചര്യമാണ് സെലൻസ്കി ഉദ്ദേശിച്ചതെന്നും ഉപരോധമാണ് ആവശ്യപ്പെട്ടതെന്നും യുക്രെയ്ൻ വിശദീകരിച്ചു.
എന്നാൽ, ആണവഭീഷണി ലോകത്തെ ആർമഗഡൺ (നന്മ തിന്മകളെ വേർതിരിക്കുന്ന അവസാന യുദ്ധം) ഓർമകളിലെത്തിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. തോൽവി മുന്നിൽ കണ്ടാൽ ആണവായുധങ്ങൾ പ്രയോഗിക്കാൻ റഷ്യ മടിക്കില്ലെന്നും 1962ൽ ക്യൂബയിലെ മിസൈൽ സംഘർഷത്തിനു ശേഷം ഇതുപോലെ ആണവായുധ ഭീഷണിക്കു മുന്നിൽ യു.എസ് എത്തിയില്ലെന്നും ബൈഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.