മരിയുപോളിലെ ഉരുക്കു പ്ലാന്റിന് ബോംബിട്ടു; സെലൻസ്കി യു.എസ് ഉദ്യോഗസ്ഥരെ കാണും
text_fieldsകിയവ്: യുക്രെയ്ൻ നഗരമായ മരിയുപോളിലെ അസോവ്സ്റ്റാൽ ഉരുക്കുപ്ലാന്റിൽ റഷ്യ ബോംബിട്ടു. ഉരുക്കുപ്ലാന്റ് ഒഴികെയുള്ള മരിയുപോളിന്റെ ഭാഗങ്ങൾ നിയന്ത്രണത്തിലാക്കിയതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഉരുക്കുപ്ലാന്റിൽ 2000ത്തോളം യുക്രെയ്ൻ സൈനികരാണ് ചെറുത്തുനിൽക്കുന്നത്. നിരവധി തദ്ദേശവാസികളും ഇതിനുള്ളിലുണ്ടെന്നാണ് റിപ്പോർട്ട്.
വ്യോമാക്രമണത്തിലൂടെ പ്ലാന്റ് ഇടിച്ചുനിരപ്പാക്കാനാണ് റഷ്യയുടെ പദ്ധതിയെന്ന് യുക്രെയ്ൻ സായുധസേന മേധാവി വെളിപ്പെടുത്തി. യുദ്ധം തുടങ്ങി ആഴ്ചകൾക്കകം റഷ്യൻ സേന മരിയുപോൾ വളഞ്ഞിരുന്നു. ഇവിടെ പോരാട്ടം അവസാനിക്കുന്നതോടെ ആയിരങ്ങളെ കൊലപ്പെടുത്തിയതിന് റഷ്യ മറുപടി പറയേണ്ടി വരുമെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. മരിയുപോളിൽ ഒഴിപ്പിക്കലിനായി ആക്രമണം നിർത്തണമെന്ന് യു.എൻ ആവശ്യപ്പെട്ടു. നഗരത്തിലെ രണ്ടിടങ്ങളിൽനിന്ന് കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിരുന്നു. കിഴക്കൻ മേഖലയിലെ ഡോൺബാസ് നിയന്ത്രണത്തിലാക്കാനും റഷ്യ ആക്രമണം തുടരുകയാണ്.
വിമതരുടെ സഹായവും റഷ്യൻ സേനക്കു ലഭിക്കുന്നുണ്ട്. ലുഹാൻസ്കിലും ഡോണട്സ്കിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. ഡോണട്സ്കിൽ ഷെല്ലാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഒഡേസയിൽ ക്രൂസ് മിസൈൽ ആക്രമണത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞും അമ്മയുമടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഖാർകിവിലെ ആയുധകേന്ദ്രങ്ങൾ തകർത്തതായും റഷ്യ അറിയിച്ചു. മധ്യ യുക്രെയ്നിലെ ഡിനിപ്രോ മേഖലയിലെ സ്ഫോടക വസ്തുക്കളും പൗഡറും നിർമിക്കുന്ന കേന്ദ്രത്തിലും റഷ്യൻ മിസൈലുകൾ പതിച്ചു. അതിനിടെ കിയവിൽ യു.എസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായാണ് സെലൻസ്കി കൂടിക്കാഴ്ച നടത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 60 ദിവസം പിന്നിട്ടിരിക്കുകയാണ്. റഷ്യൻ അധിനിവേശം തുടങ്ങിയതിനുശേഷം ആദ്യമായാണ് യു.എസ് ഉന്നതതല സംഘം കിയവിലെത്തുന്നത്. യു.എസിൽനിന്ന് കൂടുതൽ ആയുധങ്ങൾ ലഭിക്കുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.