പോപ് എമരിറ്റസിന്റെ രാജി: പുസ്തകവുമായി പേഴ്സനൽ സെക്രട്ടറി
text_fieldsവത്തിക്കാൻ സിറ്റി: ദിവസങ്ങൾ മുമ്പ് വിടവാങ്ങിയ പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ചരിത്ര പ്രസിദ്ധമായ രാജിയിലേക്ക് നയിച്ച കാരണങ്ങൾ അടക്കം വ്യക്തമാക്കുന്ന പുസ്തകവുമായി പ്രിൻസിപ്പൽ സെക്രട്ടറി. രാജിവെച്ച പോപ് ആയ ബെനഡിക്ട് പതിനാറാമന്റെ പേഴ്സനൽ സെക്രട്ടറിയായ ആർച്ച് ബിഷപ് ജോർജ് ഗാൻസ്വീൻ ആണ് പുസ്തകം എഴുതിയിരിക്കുന്നത്.
പോപ്പിന്റെ അപ്രതീക്ഷിത രാജിയിലേക്ക് നയിച്ച അപവാദങ്ങൾ, കുതന്ത്രങ്ങൾ, നിഗൂഢതകൾ തുടങ്ങിയവയെല്ലാം പുസ്തകത്തിലൂടെ ജനങ്ങളിലേക്ക് എത്തുമെന്ന് ഇറ്റാലിയൻ പ്രസാധകരായ മോണ്ടഡോറി അറിയിച്ചു.
‘സത്യം മാത്രം; പോപ് ബെനഡിക്ട് പതിനാറാമനൊപ്പമുള്ള എന്റെ ജീവിതം’ എന്ന പേരിലുള്ള പുസ്തകം ജനുവരിയിൽതന്നെ പുറത്തിറങ്ങും. ജർമൻകാരനായ ആർച്ച് ബിഷപ് ജോർജ് ഗാൻസ്വീൻ മൂന്ന് പതിറ്റാണ്ടായി പോപ്പിനൊപ്പം തന്നെയാണ് ജീവിച്ചത്. കർദിനാൾ ജോസഫ് റാറ്റ്സിങർ ആയിരുന്ന സമയത്തും അതിന് ശേഷം 2005ൽ പോപ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 2013ൽ പോപ് പദവി രാജിവെച്ച ശേഷവും ജോർജ് ഗാൻസ്വീൻ ഒപ്പമുണ്ടായിരുന്നു.
പദവി രാജിവെച്ച ശേഷം പതിറ്റാണ്ടോളം വത്തിക്കാനിൽ പോപ് ബെനഡിക്ട് ജീവിച്ചപ്പോഴും അടുത്ത സഹായിയായി ഉണ്ടായിരുന്നത് ആർച്ച് ബിഷപ് ജോർജ് ഗാൻസ്വീൻ ആണ്.
സമീപകാലത്തെ ഏറ്റവും മികച്ച നായകരിലൊരാളും തെറ്റിദ്ധാരണയുടെ പേരിൽ കടുത്ത വിമർശനത്തിന് ഇരയുമായ പോപ് ബെനഡിക്ടിന്റെ യഥാർഥ മുഖം ജനങ്ങളിലേക്ക് എത്തുമെന്ന് ഗാൻസ്വീൻ പറഞ്ഞു.
നമ്മുടെ കാലത്ത് ചരിത്രം സൃഷ്ടിച്ച സൗമ്യനായ മനുഷ്യന്റെയും മികച്ച പണ്ഡിതന്റെയും കർദിനാളിന്റെയും പോപ്പിന്റെയും മഹത്വത്തെക്കുറിച്ച വ്യക്തിപരമായ സാക്ഷ്യത്തിനൊപ്പം ചില തെറ്റിദ്ധരിപ്പിക്കപ്പെട്ട വശങ്ങളും വത്തിക്കാനിലെ കുതന്ത്രങ്ങളും തിരുത്തുന്ന വിവരണവും പുസ്തകത്തിലുണ്ടെന്ന് പ്രസാധകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.