ബുക്കർ പുരസ്കാര േജതാവ് ഹിലരി മാന്റൽ അന്തരിച്ചു
text_fieldsലണ്ടൻ: വോൾഫ് ഹാളിലൂടെ ആസ്വാദകഹൃദയം കവരുകയും രണ്ടു തവണ മാൻ ബുക്കർ പുരസ്കാരം നേടുകയും ചെയ്ത ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റൽ (70) അന്തരിച്ചു. പുസ്തകപ്രസാധകരായ ഹാർപർ കോളിൻസാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. 17 കൃതികൾ രചിച്ച ഹിലരിയുടെ രചനകൾ ആധുനിക ക്ലാസിക്കുകളായി പരിഗണിക്കപ്പെടുന്നു. രണ്ടു തവണ മാൻ ബുക്കർ സമ്മാനം നേടുന്ന ആദ്യ വനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമാണ്.
നോവലിസ്റ്റും ചെറുകഥാകൃത്തും നിരൂപകയുമായ ഹിലരി മേരി മാന്റല്‍ തോംസണ്‍ എന്ന ഹിലരി മാന്റൽ ഇംഗ്ലണ്ടിലെ ഡർബിഷയറിൽ ഗ്ലസോപ്പിൽ 1952 ജൂലൈ ആറിനാണ് ജനിച്ചത്. ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളാണ്.2009ൽ വോൾഫ് ഹാൾ, 2012ൽ ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകൾക്കാണ് ബുക്കർ പുരസ്കാരം ലഭിച്ചത്. നോവൽത്രയത്തിലെ വുൾഫ് ഹാളും ബ്രിങ് അപ് ദ ബോഡീസും അവസാന കൃതി 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച ദ മിറർ ആൻഡ് ദ ലൈറ്റും കൂടി ആഗോളതലത്തിൽ 50 ലക്ഷത്തിലധികം കോപ്പികൾ വിറ്റു.
41 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. നാടകവും ടി.വി പരമ്പരയുമായി. 16ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ഹെന്റി എട്ടാമന്റെ പ്രധാനമന്ത്രിയായിരുന്ന തോമസ് ക്രോംവെൽ മുഖ്യകഥാപാത്രമായ 'വോൾഫ് ഹാൾ' പരിചിതമായ ചരിത്രാഖ്യാനങ്ങളെ പുതുക്കി. ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട എ പ്ലെയ്സ് ഓഫ് ഗ്രേറ്റർ സേഫ്റ്റി എന്ന ചരിത്രാഖ്യായികയിലൂടെ 1974ലാണ് സാമൂഹികപ്രവർത്തകയായ ഹിലരി എഴുത്താരംഭിക്കുന്നത്. എല്ലാ പ്രസാധകരും അവഗണിച്ച നോവൽ 1992ലാണ് പുറത്തിറങ്ങിയത്. 1973ൽ ജിയോളജിസ്റ്റായ ജെറാള്‍ഡ് മക്ഇവനെ വിവാഹം കഴിച്ചു. 1981ല്‍ വിവാഹമോചനം നേടുകയും പിറ്റേവര്‍ഷം അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്യുകയും ചെയ്തു. കടുത്ത സോഷ്യലിസ്റ്റ് ആശയ പ്രചാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.