‘കോൾഡ്‌പ്ലേ’ ബാൻഡിന്റെ ഇന്ത്യയിലെ സംഗീത പരിപാടി; ബുക്ക്‌മൈഷോ സർവർ തകരാറിലായി
text_fieldsലണ്ടൻ: വിഖ്യാത റോക്ക് ബാന്‍റായ ‘കോൾഡ്‌പ്ലേ’യുടെ ഇന്ത്യൻ സംഗീത പരിപാടിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതുമുതൽ ‘ബുക്ക് മൈ ഷോ’യുടെ സെർവർ പണിമുടക്കി. രാജ്യത്തുടനീളമുള്ള സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തി ഈ ആഴ്ച ആദ്യത്തിലാണ് പരിപാടിയുടെ പ്രഖ്യാപനം വന്നത്.
ഗ്രാമി പുരസ്കാരം നേടിയ ബാൻഡായ ‘കോൾഡ്‌പ്ലേ’ തങ്ങളുടെ പ്രശസ്തമായ ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂർ’ ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് അറിയിച്ചു. അടുത്ത വർഷം ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡി.വൈ പാട്ടീൽ സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് സംഗീത പരിപാടി അരങ്ങേറുക. ‘നിങ്ങൾ കാത്തിരിക്കുന്ന നിമിഷം’ എന്ന കമന്‍റോടെ ഇക്കാര്യം ബുക്ക് മൈ ഷോ ആപ് പ്രതിനിധി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ ടിക്കറ്റുകൾ സെപ്റ്റംബർ 22 മുതൽ പ്രസ്തുത ആപ് വഴി മാത്രമേ ലഭ്യമാവൂ എന്ന അറിയിപ്പും വന്നതോടെ സംഗീതപ്രേമികൾ ഇടിച്ചു കയറി. ഇതോടെയാണ് സെർവർ തകരാറിലായത്.
20 യൂറോ (ഏകദേശം 2000 രൂപ)യാണ് ‘കോൾഡ്‌പ്ലേ’യുടെ ഒരു ടിക്കറ്റിന്റെ വില. 2022 മാർച്ചിൽ ആരംഭിച്ചതിനുശേഷം ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ് വേൾഡ് ടൂർ' ലോകമെമ്പാടും 10 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. ഇന്ത്യക്ക് പുറമെ അബുദാബി, സിയോൾ, ഹോങ്കോങ് എന്നിവിടങ്ങളിലാണ് വരാനിരിക്കുന്ന ഷോകൾ.
യൂറോപ്പിലെ വേനൽക്കാല ഷോകളുടെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് ‘കോൾഡ്‌പ്ലേ’ ഇന്ത്യയിലെ പ്രകടനത്തിലൂടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നുവെന്നാണ് ബാന്‍ഡ് പ്രതീക്ഷിക്കുന്നത്. 2016ലെ ഇന്ത്യയിലെ അവസാന സന്ദർശനം മുതൽ കോൾഡ്‌പ്ലേയുടെ തിരിച്ചുവരവിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും തിരികെ കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്നും ഒരു പ്രൊമോട്ടർ പറഞ്ഞു. ഈ ടൂർ എല്ലാവർക്കും അസാധാരണമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വീ പ്രെയ്’, ‘ഫീൽസ്‌ലൈക്ക് ഇംഫാലിംഗ് ഇൻലവ്’ തുടങ്ങിയ പുതിയ സിംഗിൾസ് ഉൾപ്പെടെ ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ്’ എന്ന പ്രശസ്തമായ ആൽബത്തിൽ നിന്നുള്ള ഹിറ്റുകളുടെ ഒരു നിര ഇതിൽ അവതരിപ്പിക്കും. കൂടാതെ നൂറു ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമിച്ച വിനൈൽ സംഗീത വ്യവസായത്തിൽ പുതിയ സുസ്ഥിര നിലവാരം കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും അവർ പറയുന്നു. കോൾഡ്‌പ്ലേയുടെ പുതിയ ആൽബം, ‘മൂൺ മ്യൂസിക്’ 2024 ഒക്ടോബർ 4ന് പുറത്തിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.