ആടിയുലഞ്ഞ് ബോറിസ് സർക്കാർ, ബ്രിട്ടനിൽ രാജിവെച്ചത് അഞ്ച് മന്ത്രിമാർ
text_fieldsലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൺ സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി മൂന്നു മന്ത്രിമാർകൂടി രാജിവെച്ചു. ശിശു-കുടുംബാരോഗ്യമന്ത്രി വിൽ ക്വിൻസ്, ഗതാഗതമന്ത്രി ലൗറ ട്രോട്ട്, ഏറ്റവും ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി റോബിൻ വാൾകർ എന്നിവരാണ് ബുധനാഴ്ച രാജിവെച്ചത്. സർക്കാറിലുള്ള വിശ്വാസം നഷ്ടമായതിനാൽ രാജിവെക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് വിൽ ക്വിൻസും ലൗറ ട്രോട്ടും പ്രതികരിച്ചു. പ്രധാനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതായി റോബിൻ വാൾകർ പറഞ്ഞു. ബ്രിട്ടനെ നയിക്കാൻ കെൽപുള്ള ഒരാളാണ് ബോറിസ് ജോൺസൺ എന്നായിരുന്നു ധാരണയെന്നും ബോറിസ് സർക്കാർ ഒന്നിനു പിറകെ ഒന്നായി വൻ അബദ്ധങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും റോബിൻ വിമർശിച്ചു. കൺസർവേറ്റിവ് പാർട്ടിയിലെ പ്രധാനനേതാവായ ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ വാൾകർ മാർഗരറ്റ് താച്ചർ സർക്കാറിൽ മന്ത്രിയായിരുന്നു.
ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്, ആരോഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദ് എന്നിവർ ചൊവ്വാഴ്ച രാത്രി രാജിവെച്ചിരുന്നു. ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചർ ജൂൺ 30ന് രാജിവെച്ചിരുന്നു. ലൈംഗികാരോപണങ്ങളും പാർട്ടി ഗേറ്റ് അടക്കം വിവാദങ്ങളും ഉലക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണിന് മന്ത്രിമാരുടെയും ഡെപ്യൂട്ടി ചീഫ് വിപ്പിന്റെയും രാജി കനത്ത തിരിച്ചടിയാണ്.
മന്ത്രിമാരുടെ കൂട്ടരാജിയോടെ കൺസർവേറ്റിവ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മറ്റ് എം.പിമാർ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് ഋഷി സുനക്, സാജിദ് ജാവിദ് എന്നിവരുടെ രാജി. ജാവിദിന് പകരമായി സ്റ്റീവ് ബാർക്ലേ ആരോഗ്യ-സാമൂഹിക പരിപാലനത്തിന്റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാകുമെന്നും ബോറിസ് ജോൺസൺ പിന്നീട് അറിയിച്ചു. സർക്കാർ കാര്യക്ഷമതയോടെയും ഗൗരവത്തോടെയും മുന്നോട്ടുപോകണമെന്നാണു പൊതുജനം ആഗ്രഹിക്കുന്നതെന്നും എന്നാൽ, ഈ രീതിയിൽ തുടരാനാകില്ലെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു. ദേശീയ താൽപര്യത്തോടെ നയിക്കാനുള്ള ബോറിസ് ജോൺസന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടതാണു രാജിക്കു കാരണമെന്നു സാജിദ് ജാവിദ് അറിയിച്ചു.
വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ ധനമന്ത്രിയായി നിയമിച്ചു. ഈ പ്രതിസന്ധിയെ ബോറിസ് എങ്ങനെ മറികടക്കുമെന്നാണ് ബ്രിട്ടൻ ഉറ്റുനോക്കുന്നത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, വിദേശ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലിസ്, ബിസിനസ് സെക്രട്ടറി ക്വാസി ക്വർടെങ്, ജസ്റ്റിസ് സെക്രട്ടറിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോമിനിക് റാബ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ പിന്തുണ ഇപ്പോഴും ബോറിസിനുണ്ട്. ഇത് നിലനിർത്തി മുന്നേറാനായാൽ തൽക്കാലം പിടിച്ചുനിൽക്കാം. എന്നാൽ, കൂടുതൽ നേതാക്കൾ രാജി വഴി സ്വീകരിച്ചാൽ ബോറിസിനും മുൻഗാമികളായ ഡേവിഡ് കാമറണിന്റെയും തെരേസ മേയുടെയും ഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.