ബോറിസ് ജോൺസനും സെലൻസ്കിയും കിയവിൽ കൂടിക്കാഴ്ച നടത്തി
text_fieldsകിയവ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി കിയവിൽ കൂടിക്കാഴ്ച നടത്തി. സുരക്ഷ വിഷയങ്ങൾ ഇരുവരും ചർച്ച നടത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ബോറിസ് ജോൺസൻ കിയവ് സന്ദർശിക്കുന്നത്.
യുക്രെയ്ന്‍റെ കിഴക്കൻ-തെക്കൻ മേഖലകളിലെ നിലവിലെ സാഹചര്യത്തെ കുറിച്ചും ആയുധ വിതരണത്തെ കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച നടത്തി. ആയുധ വിതരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ബോറിസ് ജോൺസനുമായി ചർച്ച നടത്തിയെന്നും യുക്രെയ്ന്‍റെ വ്യോമ പ്രതിരോധം വർധിപ്പിക്കുക എന്നതാണ് നിലവിലെ പ്രധാന ലക്ഷ്യമെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്ന് ആയുധങ്ങൾ നൽകുന്നത് തുടരാനും അതിന്റെ ഉപയോഗത്തിനായി സൈനിക പരിശീലനം സംഘടിപ്പിക്കാനും തന്റെ രാജ്യം തയ്യാറാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയെ കുറിച്ചും യുക്രെയ്ന്‍റെ വിവിധ പ്രദേശങ്ങളിൽ റഷ്യൻ സേന സ്ഥാപിച്ചിട്ടുള്ള കുഴി ബോംബുകൾ നീക്കം ചെയ്യുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
രാജ്യത്തിനുള്ള സാമ്പത്തിക പിന്തുണ, യുക്രെയ്ൻ തുറമുഖങ്ങളുടെ ഉപരോധം, ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ എന്നിവയായിരുന്നു ചർച്ചയിലെ മറ്റ് പ്രധാന വിഷയങ്ങൾ. ഇതിന് മുമ്പ് ഏപ്രിൽ ഒൻപതിനും ബോറിസ് ജോൺസൻ കിയവ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.