ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അച്ഛന് ഫ്രഞ്ച് പൗരത്വം; 'വണ്ടർഫുൾ' എന്ന് ബോറിസ്
text_fieldsബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവിന് ഫ്രഞ്ച് പൗരത്വം. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുമായി (ഇ.യു) ബന്ധം നിലനിർത്താൻ ആഗ്രഹിച്ചതിനാലാണ് ഫ്രഞ്ച് പൗരത്വം നേടിയതെന്ന് പിതാവ് സ്റ്റാൻലി ജോൺസൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
യൂറോപ്യൻ പാർലമെന്റിലെ മുൻ അംഗമായ സ്റ്റാൻലി ജോൺസണ് ബുധനാഴ്ച ഫ്രഞ്ച് പൗരത്വം നൽകിയതായി ഫ്രഞ്ച് നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. 2021 നവംബറിലാണ് അദ്ദേഹം പൗരത്വത്തിന് അപേക്ഷിച്ചത്.
ഫ്രഞ്ച് പൗരത്വം നേടിയതിൽ താൻ തികച്ചും സന്തുഷ്ടനാണെന്ന് 81കാരനായ അദ്ദേഹം പറഞ്ഞു. വാർത്തയോടുള്ള മകന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് ബോറിസിൽ നിന്ന് ഒറ്റവാക്കിൽ മറുപടി ലഭിച്ചതായി സ്റ്റാൻലി ജോൺസൺ പറഞ്ഞു: 'മാഗ്നിഫിക്ക്' (ഫ്രഞ്ച് ഭാഷയിൽ അതിശയകരം) എന്നായിരുന്നു ബോറിസ് പറഞ്ഞത്.
ബ്രെക്‌സിറ്റ് വിഷയത്തിൽ സ്റ്റാൻലി ജോൺസണും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസും വിപരീത അഭിപ്രായക്കാരാണ്. ബോറിസ് ജോൺസൺ യൂറോപ്യൻ യൂനിയൻ വിടാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ, 2016 ലെ റഫറണ്ടത്തിൽ അദ്ദേഹത്തിന്റെ പിതാവ് ബ്ലോക്കിൽ തുടരാൻ വോട്ട് ചെയ്തിരുന്നു.
സ്റ്റാൻലി ജോൺസന്റെ ഫ്രഞ്ച് പൗരത്വം അദ്ദേഹത്തിന് മാത്രമാണെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ബാധകമല്ലെന്നും ഫ്രഞ്ച് നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷുകാർ ഫ്രഞ്ച് പൗരന്മാരാകുന്നതിന് അവരുടെ യു.കെ പൗരത്വം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.