ഉപതെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസണ് കനത്ത തിരിച്ചടി
text_fieldsലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും കൺസർവേറ്റിവ് പാർട്ടിക്കും ഏറെ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി ഭരണകക്ഷി. 'പാർട്ടിഗേറ്റ്' വിവാദവും ഉയരുന്ന ജീവിതച്ചെലവും പ്രതിഛായക്ക് മങ്ങലേൽപ്പിച്ച ബോറിസ് ജോൺസന്റെ രാജി ആവശ്യത്തിന് തോൽവി പുതിയ കാരണമാകും.
കൺസർവേറ്റിവ് പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ ദക്ഷിണ ഇംഗ്ലണ്ടിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയിൽനിന്ന് പിടിച്ചെടുത്ത ഉത്തര ഇംഗ്ലണ്ടിലെയും ഓരോ സീറ്റ് വീതമാണ് എതിരാളികൾക്കുമുന്നിൽ അടിയറവ് വെച്ചത്. ടിവെർട്ടൺ ആൻഡ് ഹോണിടൺ മണ്ഡലത്തിൽ 24,000 ത്തിലേറെ വോട്ടുകൾ ഭരണകക്ഷിക്ക് നഷ്ടമായി. ലിബറൽ ഡെമോക്രാറ്റുകളാണ് ഇവിടെ വിജയിച്ചത്. വേക്ക് ഫീൽഡിൽ ലേബർ പാർട്ടി വിജയം സ്വന്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കൺസർവേറ്റിവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ രാജിവെച്ചത് ഇരട്ടപ്രഹരമായി.
തിരിച്ചടികൾക്കിടയിലും മുന്നോട്ടുപോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 'നമുക്കിനിയും കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തിരിച്ചറിയണം. ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് മുന്നോട്ടുപോകും' -റുവാണ്ടയിൽ കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ജോൺസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കേണ്ടതുണ്ട്. ജീവിതച്ചെലവ് ഉയരുന്നതാണ് അവരുടെ പ്രധാന ആശങ്കയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കോവിഡ് കാലത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയ വിവാദത്തിൽ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച ബോറിസ് ജോൺസണ് മുന്നോട്ടുള്ള പാത ബുദ്ധിമുട്ടുള്ളതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.