സ്രെബ്രനിക വംശഹത്യയുടെ ഓർമകളിൽ ബോസ്നിയ
text_fieldsസരയോവോ: ലോക മനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കുരുതിയുടെ 27ാം വാർഷിക ദിനത്തിൽ ഉറ്റവരുടെ ഓർമകളിൽ ഹൃദയം വിതുമ്പി ബോസ്നിയൻ ജനത. കിഴക്കൻ ബോസ്നിയയിലെ സ്രെബ്രനികയിൽ കുട്ടികളും പുരുഷന്മാരുമായി 8,000ലേറെ ബോസ്നിയൻ മുസ്ലിംകളെയാണ് 1995 ജൂലൈ 11ന് മാത്രം ററ്റ്കോ മ്ലാഡിച് നേതൃത്വം നൽകിയ സെർബിയൻ സൈന്യം നിർദയം കൊലപ്പെടുത്തിയിരുന്നത്.
വംശഹത്യയാണ് നടന്നതെന്ന് രാജ്യാന്തര ട്രൈബ്യൂണലുകൾ കണ്ടെത്തിയിരുന്നു. 1991ൽ യൂഗോസ്ലാവ്യ ശിഥിലമായതിനു പിന്നാലെ തുടക്കമായ വംശീയ സംഘർഷങ്ങളാണ് 1992-95 കാലത്ത് ഒരുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയത്. ബോസ്നിയൻ മുസ്ലിംകൾ, ബോസ്നിയൻ ക്രോട്ടുകൾ എന്നിവരെ ലക്ഷ്യമിട്ട് സെർബ് സൈന്യമാണ് വ്യാപക അതിക്രമങ്ങൾ നടത്തിയത്.
സ്രെബ്രനിക പട്ടണത്തിന്റെ നിയന്ത്രണംപിടിച്ച മ്ലാഡിച് ജൂലൈ 11ന് ആക്രമണം അഴിച്ചുവിട്ടതോടെ ആയിരക്കണക്കിന് ബോസ്നിയൻ കുടുംബങ്ങൾ യു.എൻ നിയന്ത്രണത്തിലുള്ള ഡച്ച് താവളത്തിൽ അഭയം തേടുകയായിരുന്നു. ഇവരെ രക്ഷിക്കേണ്ട ഡച്ച് സേന അത് നിർവഹിച്ചില്ലെന്നു മാത്രമല്ല, പലപ്പോഴും സെർബ് സേനക്ക് ബോസ്നിയൻ യുവാക്കളെയും കുട്ടികളെയും പിടിച്ചുകൊടുക്കുകകൂടി ചെയ്തു.
സ്ഥലം പൂർണമായി വരുതിയിലാക്കിയ മ്ലാഡിച്ചിന്റെ സേന ദിവസങ്ങൾക്കകമാണ് ഇത്രയുംപേരെ കൊലപ്പെടുത്തിയത്. പുരുഷന്മാർ കൊല ചെയ്യപ്പെട്ടപ്പോൾ സ്ത്രീകൾ ക്രൂരമായി ലൈംഗിക പീഡനങ്ങൾക്കും ഇരയായി. പലപ്പോഴും ബോസ്നിയക്കാരെക്കൊണ്ട് നിർബന്ധിച്ച് സ്വന്തം കുഴിയെടുപ്പിച്ചശേഷം വെടിവെച്ച് അതിൽതന്നെ അവരെ അടക്കുന്നതുൾപ്പെടെ ക്രൂരതകളും സെർബ് സേന നടത്തി. ഇ
തിന്റെയൊക്കെ ഓർമകളാണ് ഈ വേദനയുടെ ദിനത്തിൽ കുടുംബങ്ങൾ വീണ്ടും അനുസ്മരിക്കുന്നത്. അന്ന് കൂട്ടക്കുഴിമാടങ്ങളിൽ ആരോരുമറിയാതെ അടക്കപ്പെട്ടവരുടെ ബന്ധുക്കൾ തങ്ങളുടെ ഉറ്റവരെ തിരിച്ചറിഞ്ഞ് വീണ്ടും അടക്കുന്നതുൾപ്പെടെ ഈ ദിനത്തിൽ നടന്നു. തിരിച്ചറിഞ്ഞ അമ്പതോളം പേരെയാണ് ഇങ്ങനെ വീണ്ടും ഖബറിൽ ഇറക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.