'എണ്ണമറ്റ മനുഷ്യർ വസിച്ച ഇടങ്ങളായിരുന്നു ഇവിടം, ബൊൾസനാരോയുടെ ഖനി ലോബി അവരെ കുടിയിറക്കുകയാണ്'
text_fieldsസവോപോളോ: പുറംലോകവുമായി ബന്ധം വേണ്ടെന്നുവെച്ച് ഒറ്റപ്പെട്ടുകഴിഞ്ഞ പതിനായിരക്കണക്കിന് ആദിവാസികളുടെ ഇഷ്ട ഇടമായിരുന്നു ബ്രസീലിലെ ഏറ്റവും വലിയ സംരക്ഷിത വനമേഖലയായ യാനോമാമി. പ്രസിഡൻറായി ജയ് ബൊൾസനാരോ എത്തുകയും നാട്ടുകാരെ കൂട്ടമായി കുടിയിറക്കി ഖനി ലോബിക്ക് കാട് തുറന്നുനൽകുകയും ചെയ്തതോടെ നടപ്പാകുന്നത് സമ്പൂർണ വനനശീകരണവും കുടിയൊഴിപ്പിക്കലും. 2019ൽ തീവ്രത കൈവന്ന വനനശീകരണം ഇപ്പോൾ ഇരട്ടി വേഗത്തിലാണ്. ആ വർഷം മാത്രം 500 ഫുട്ബാൾ മൈതാനങ്ങളുടെ അത്രയും വരുന്ന 500 ഹെക്ടർ ഭൂമി നശിപ്പിക്കപ്പെട്ടു. ഈ വർഷം ആദ്യ മൂന്നു മാസത്തിനകം 200 മീറ്ററും വെട്ടിത്തെളിക്കപ്പെട്ടു. മൊത്തം രണ്ടര കോടി ഏക്കർ വരുന്ന ആമസോൺ വനമേഖലയിൽ മരം മുറിച്ച് അടി തുരക്കാൻ 10,000 ലേറെ പേർ നിരന്തരം ജോലിക്കുണ്ടാകുേമ്പാൾ അടുത്ത ഇരകൾ ആരെന്നു മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.
യാനോമാമി മേഖലയിൽ മാത്രം 27,000 ഗോത്ര വർഗക്കാർ വസിച്ചിരുന്നു. ആയുധവും ഭീഷണിയുമായി എത്തിയ ഖനി മാഫിയ അവരിലേറെ പേരെയും ഇതിനകം പടിയിറക്കി. ഇടതൂർന്നു വളർന്ന പൈൻ മരങ്ങൾക്കു പകരം ബാറുകളും റസ്റ്റൊറൻറുകളും കടകളും വീടുകളും വരെ ഉയർന്നുകഴിഞ്ഞു. ഹെലികോപ്റ്ററുകൾ മുതൽ കൊച്ചുവിമാനങ്ങൾ വരെ പറന്നുനടക്കുന്നു. ഇവക്കെല്ലാം നിയമ പ്രാബല്യം നൽകുമെന്ന് ബൊൾസനാരോ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
1980കളിലും 90കളിലുമായിരുന്നു സ്വർണ ഖനികൾക്ക് പ്രശസ്തമായ ഈ പ്രദേശത്ത് ആദ്യമായി മാഫിയ പിടിമുറുക്കുന്നത്. ചെറിയ ഇടവേളയിൽ വളർച്ച നിലച്ചെങ്കിലും ബൊൾസനാരോ പ്രസിഡൻറ് പദവിയിൽ എത്തിയതോടെ എല്ലാം ഇരട്ടി വേഗത്തിലായി. വനനശീകരണത്തിന് മാത്രമായി തൊഴിലാളികളേറെ. അന്ന് അരലക്ഷത്തോളം പേർ ഖനി തൊഴിലാളികളായി എത്തിയ ഈ മേഖലയിൽ പ്രതിഷേധിക്കാനിറങ്ങിയ നാട്ടുകാർ നിർദയം കൊല്ലപ്പെടുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്യപ്പെട്ടു. ഇന്നും കാര്യങ്ങൾ അതേ പടി തുടരുന്നു.
ഖനി മാഫിയ പിടിമുറുക്കിയ പ്രദേശമിപ്പോൾ ഒരു പ്രഷർ കുക്കറിനു സമാനമാണെന്നും ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്നും പറയുന്നു നരവംശ ശാസ്ത്രജ്ഞനായ അന മരിയ മക്കാഡോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.