ഇടത് നേതാവ് ലുലാ ഡാ സിൽവ ബ്രസീൽ പ്രസിഡന്റ്
text_fieldsറിയോ ഡെ ജനീറോ: ബ്രസീലിൽ ഇടത് ആഭിമുഖ്യമുള്ള വർക്കേഴ്‌സ് പാർട്ടി നേതാവ് ലുല ഡ സിൽവ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജയിർ ബൊൽസനാരോക്കെതിരെ നേരിയ ഭൂരിപക്ഷത്തിലാണ് മുൻ പ്രസിഡന്റ് കൂടിയായ ലൂലയുടെ വിജയം. ലുല 50.8 ശതമാനം വോട്ട് നേടിപ്പോൾ ബൊൽസനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ദുർബലമായ സമ്പദ്‌വ്യവസ്ഥയും ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളുംബൊൽസനാരോയുടെ വീഴ്ചക്ക് വഴിയൊരുക്കി. ആമസോൺ വനനശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖംതിരിക്കലും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിച്ചു. 1998ൽ ഫെർണാണ്ടോ ഹെൻറിക് കാർഡോസോയും 2006ൽ ലുലയും 2014ൽ ദിൽമ റൂസഫും തെരഞ്ഞെടുപ്പിൽ രണ്ടാം തവണ അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ബൊൽസനാരോക്ക് അധികാരത്തിൽ തുടരാൻ കഴിഞ്ഞില്ല. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ മാതൃകകൾ പിന്തുടരുന്ന കടുത്ത വലതുപക്ഷ നേതാവായ ബൊൽസനാരോയെ 'ട്രംപ് ഓഫ് ദി ട്രോപിക്സ്' എന്നു വിളിച്ചിരുന്നു.
വലതുപക്ഷ നയങ്ങൾ തിരുത്തി സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റുമെന്നായിരുന്നു ലുല ഡ സിൽവയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ബ്രസീൽ ജനതയാണ് ജയിച്ചതെന്ന് 77കാരനായ ലുല ഫലം വന്ന ശേഷം പ്രതികരിച്ചു. ബ്രസീലിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ 50 ശതമാനം വോട്ട് ലഭിക്കണം. ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും ഇത് ലഭിക്കാത്തതിനെ തുടർന്ന് കൂടുതൽ വോട്ട് ലഭിച്ച രണ്ടു സ്ഥാനാർഥികൾ മാത്രമായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ബ്രസീലില്‍ 2003 മുതൽ 2011 വരെ രണ്ടുതവണ പ്രസിഡന്റായ ലുല സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ നിരവധി പരിഷ്കാരങ്ങൾ അക്കാലത്ത് നടപ്പാക്കിയിരുന്നു.
സാവോ പോളോ നഗരത്തിലെ കാർ വാഷ് കമ്പനിയിൽനിന്ന് അപ്പാർട്ട്‌മെന്റ് കൈക്കൂലിയായി നേടിയെന്ന് ആരോപിച്ച് 2018ൽ ലുലയെ ജയിലിലടച്ചിരുന്നു. അദ്ദേഹത്തിന് ഒമ്പതു വർഷം തടവ് ശിക്ഷ വിധിച്ച ജഡ്ജി സെർജിയോ മോറോയെ പിന്നീട് ബൊൽസനാരോ മന്ത്രിസഭയിൽ നിയമമന്ത്രിയാക്കി.
അപ്പീൽ സാധ്യത അവസാനിച്ചാലേ ഒരാളെ ജയിലിലിടാവൂ എന്ന സുപ്രീംകോടതി നിരീക്ഷണത്തെ തുടർന്നാണ് 580 ദിവസത്തെ ജയിൽ വാസത്തിനുശേഷം ലുല പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.