ബ്രസീൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
text_fieldsബ്രസീലിൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. 44.8 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം ബ്രസീലില്‍ രേഖപ്പെടുത്തിയ ഉയർന്ന താപനില. ബ്രസീലിന്‍റെ തെക്ക്-കിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിലെ അറകുവായ് നഗരത്തിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.
എൽ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവുമാണ് അഭൂതപൂർവമായ കാലാവസ്ഥയ്ക്ക് കാരണം. ഏങ്കിലും ഈ ആഴ്ച ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജി അനുസരിച്ച്, രാജ്യത്തെ മൂന്ന് സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയുള്ളൂ.
2005-ൽ രാജ്യത്തെ മുൻകാല റെക്കോർഡായ 44.7 ഡിഗ്രി സെൽഷ്യസിനെയാണ് അറസുവയിലെ ഉയർന്ന താപനിലയായ 44.8 ഡിഗ്രി സെൽഷ്യസ് മറികടന്നത്. ചൂട് കൂടിയതോടെ വാട്ടര്‍ തീം പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലും സന്ദര്‍ശകരുടെ എണ്ണം വർധിച്ചു.
ചൂട് കൂടിയതിന് പിന്നാലെ രാജ്യത്തെ ഊര്‍ജ്ജ ഉപയോഗം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ രാജ്യത്തെ ശരാശരി താപനില ഇതുവരെ രേഖപ്പെടുത്തിയ ശരാശരിയേക്കാൾ കൂടുതലായിരുന്നുവെന്ന് ഔദ്യോഗിക പഠനം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച റിയോ ഡി ജനീറോയിൽ നടക്കേണ്ടിയിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ഗാനമേളയ്ക്ക് മുമ്പ് ആരാധകന്‍ മരിച്ചതിനെ തുടര്‍ന്ന് ഗാനമേള റദ്ദാക്കിയിരുന്നു. അതികഠിനമായ ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ചതാണ് മരണകാരണം. 23 കാരിയായ അന ക്ലാര ബെനവിഡെസ് മച്ചാഡോയാണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും അതിശക്തമായ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണതരംഗങ്ങളാണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്കും പൊടിക്കാറ്റിനും ഇത് കാരണമാകും.
ഇപ്പോൾ എല്‍ നിനോ കാലാവസ്ഥാ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇത് ആഗോള താപനില ഉയര്‍ത്തുമെന്നും പഠനങ്ങള്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി ആര്‍ട്ടിക്കിലും അന്‍റാർട്ടിക്കിലും ചൂട് കൂടുകയും ഐസ് ഉരുകാന്‍ ഇടയാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.