കണ്ടംചെയ്ത ബ്രസീൽ വിമാനവാഹിനി കപ്പൽ അത്‍ലാന്റിക്കിൽ മുക്കി
text_fieldsബ്രസീലിയ: കാലപ്പഴക്കത്തെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ച വിമാനവാഹിനി കപ്പൽ ബ്രസീൽ നാവികസേന അത്‍ലാന്റിക് മഹാസമുദ്രത്തിൽ മുക്കി.
വിഷപദാർഥങ്ങൾ നിറഞ്ഞ കപ്പൽ സമുദ്രജീവികൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്ന് കാണിച്ച് പരിസ്ഥിതി സംഘടനകൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ‘സാവോപോളോ’ എന്ന യുദ്ധക്കപ്പൽ സമുദ്രത്തിൽ മുക്കിയത്.
ബ്രസീൽ തീരത്തുനിന്ന് 350 കിലോമീറ്റർ അകലെ 5000 മീറ്ററിലധികം ആഴമുള്ള ഭാഗത്താണ് കപ്പൽ മുക്കിയതെന്ന് ബ്രസീൽ നാവികസേന വാർത്തകുറിപ്പിൽ അറിയിച്ചു. സുരക്ഷിതമല്ലാത്തതിനാൽ ബ്രസീലിലെ തുറമുഖങ്ങളിലൊന്നും നങ്കൂരമിടാൻ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഈ കപ്പലിന് അനുമതിയുണ്ടായിരുന്നില്ല.
പരിസ്ഥിതി സംഘടനയായ ബ്രസീൽ ആക്ഷൻ നെറ്റ്‍വർക്ക് ബ്രസീൽ പ്രസിഡന്റ് ലൂല ഡിസിൽവയെ സമീപിച്ചെങ്കിലും കപ്പൽ മുക്കുന്നത് തടയാനായില്ല.
സർക്കാർ സ്പോൺസേഡ് പരിസ്ഥിതി കുറ്റകൃത്യമാണ് നടന്നതെന്ന് പരിസ്ഥിതി, തൊഴിൽ, മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ഷിപ് ബ്രേക്കിങ് പ്ലാറ്റ്ഫോം കുറ്റപ്പെടുത്തി. 1950കളിൽ നിർമിച്ച ഈ വിമാനവാഹിനി കപ്പൽ ഉപയോഗിച്ചാണ് ഫ്രാൻസ് ആദ്യത്തെ ആണവ പരീക്ഷണങ്ങളടക്കം നടത്തിയത്. 2000ത്തിലാണ് ഫ്രാൻസിൽനിന്ന് ബ്രസീൽ വാങ്ങിയത്. 2005ൽ കപ്പലിൽ തീപിടിത്തമുണ്ടായതോടെ നാശത്തിന്റെ വക്കിലെത്തി.
കഴിഞ്ഞ വർഷം ‘സാവോപോളോ’ പൊളിക്കാൻ തുർക്കിയ കമ്പനിക്ക് കൈമാറിയെങ്കിലും മെഡിറ്ററേനിയൻ കടലിൽവെച്ച് തുർക്കിയ പരിസ്ഥിതി അധികൃതർ തടഞ്ഞ് തിരികെ അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.