ഗസ്സയിൽ നടക്കുന്നത് വംശഹത്യ തന്നെ; ഇസ്രായേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് ബ്രസീൽ
text_fieldsസാവോപോളോ: ഇസ്രായേലിൽ നിന്ന് അംബാസഡറെ പിൻവലിച്ച് ബ്രസീൽ. ഗസ്സ വിഷയത്തിൽ ബ്രസീലും ഇസ്രായേലും തമ്മിലുള്ള ബന്ധം മാസങ്ങളായി വഷളായിക്കൊണ്ടിരിക്കുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ആരോപിച്ചിരുന്നു. രണ്ടാംലോക യുദ്ധത്തിൽ ഹിറ്റ്ലർ എന്താണോ ജൂതൻമാരോട് ചെയ്തത്. അതുതന്നെയാണ് ഇസ്രായേൽ ഗസ്സയിൽ ഫലസ്തീനികളോട് ചെയ്യുന്നത്. ഹോളോകോസ്റ്റ് പോലെ സമാനതകളില്ലാത്ത ആക്രമണമാണ് ഫലസ്തീൻ ജനതയോട് ഇസ്രായേൽ കാണിക്കുന്നതെന്നും ലുല ഡ സിൽവ വിമർശിച്ചു. തുടർന്ന് ഇസ്രായേൽ വിദേശമന്ത്രാലയം ബ്രസീൽ അംബാസഡർ ഫെഡറിക്കോ മേയറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതിനു പിന്നാലെയാണ് ബ്രസീൽ അംബാസഡറെ പിൻവലിച്ചത്. നടപടിയിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഡ സിൽവ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്പെയിൻ രാജ്യങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇസ്രായേലിലെ സേവനം അവസാനിപ്പിച്ച ഫെഡറികോ മേയർ ഇനിമുതൽ ഐക്യരാഷ്ട്ര സഭയിൽ ബ്രസീലിന്റെ പെർമനന്റ് മിഷനിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കും.
ഗസ്സയിലെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ 36000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 81000ത്തിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1139 പേരും കൊല്ലപ്പെട്ടു. നിരവധി ഇസ്രായേൽ പൗരൻമാരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.