സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്ന 'യോർക്ക്ഷെയർ റിപ്പർ' കോവിഡ് ബാധിച്ച് മരിച്ചു
text_fieldsലണ്ടൻ: സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്ന ബ്രിട്ടണിലെ പരമ്പര കൊലയാളി പീറ്റർ സട്ട്ക്ലിഫ് (74) കോവിഡ് ബാധിച്ച് മരിച്ചു. 1975നും 80നുമിടക്ക് കൊലപാതക പരമ്പരകളിലൂടെ ബ്രിട്ടണിനെ നടുക്കിയ ആളാണ് പീറ്റർ. 13 സ്ത്രീകളെയാണ് പീറ്റർ കൊന്നത്. 16 കാരിയായ ഷോപ്പ് അസിസ്റ്റൻറ് അടക്കം ഏഴുപേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
കൊലക്ക് ശേഷം ചുറ്റിക, സ്ക്രൂ ഡ്രൈവർ, കത്തി എന്നിവ ഉപയോഗിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയിരുന്നു. അതുകൊണ്ടാണ് 'യോർക്ക്ഷെയർ റിപ്പർ' എന്ന വിളിപ്പേര് ലഭിച്ചത്.
ആജീവനാന്ത ജീവപര്യന്തം തടവ് ലഭിച്ചതിനെ തുടർന്ന് ഫ്രാങ്ക്ലാൻഡ് ജയിലിൽ കഴിയുകയായിരുന്നു. അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ആയി ജയിലിൽ തിരികെയെത്തിയ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നോർത്ത് ഡർഹാമിലെ യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മരിച്ചു.
ബ്രാഡ്ഫോർഡിൽ ട്രക്ക്ഡ്രൈവറായിരുന്ന പീറ്റർ 1975 ഒക്ടോബറിനാണ് ആദ്യ കൊലപാതകം നടത്തുന്നത്. 28കാരിയും നാല് കുട്ടികളുടെ അമ്മയുമായ വിൽമ മക്കാനെ ആയിരുന്നു ആദ്യ ഇര. ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം 15 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
കൊലപാതക പരമ്പരകൾക്ക് ശേഷം 1981ലാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.