ലോക്ഡൗണിനിടെ വിവാദ 'ചുംബനം'; പുലിവാലു പിടിച്ച് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി
text_fieldsലണ്ടന്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാദമായൊരു ചുംബനത്തിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്. സഹപ്രവര്‍ത്തകയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം മാധ്യമങ്ങളിലെത്തിയതോടെയാണ് ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഹാന്‍കോക്.
തന്റെ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം 'ദി സണ്‍' പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ചുംബനം വിവാദമാകുകയായിരുന്നു. മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.
ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതോടെ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് ഹാന്‍കോക് തെറ്റു സമ്മതിച്ച് ഖേദപ്രകടനം നടത്തിയത്.
സാമൂഹിക അകലം പാലിക്കല്‍ താന്‍ ലംഘിച്ചതായി ഹാന്‍കോക്ക് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തുടരും. വ്യക്തിപരമായ വിവാദത്തില്‍ തന്റെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
42കാരനായ ഹാന്‍കോക് ആണ് ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം, ഹാന്‍കോക്കിന്റെ ഖേദപ്രകടനം സ്വീകരിച്ചുവെന്നും വിവാദം അവസാനിച്ചുവെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.