കാബൂൾ വിമാനത്താവളത്തിൽ ഏഴുപേർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് സൈന്യം; വിമാന സർവിസ് നിർത്തി പാകിസ്താൻ
text_fieldsകാബൂൾ: രാജ്യം വിടാൻ നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു. എന്നാൽ, കുടിയൊഴിപ്പിക്കൽ തുടങ്ങിയതിന് ശേഷം ഒരാഴ്ചക്കിടെ കാബൂൾ വിമാനത്താവളത്തിന് സമീപം 20 പേർ മരിച്ചതായാണ് നാറ്റോ അറിയിച്ചത്.
യു.എസ് സേന നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിന് ചുറ്റും താലിബാൻ സേന നിലയുറപ്പിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ താലിബാൻ സൈന്യം ആകാശത്തേക്ക് വെടിവെക്കുന്നതായി റിപ്പോർട്ടുണ്ട്. തങ്ങളുടെ നിർദേശപ്രകാരമല്ലാതെ കാബൂൾ വിമാനത്താവളം വഴി യാത്ര പാടില്ലെന്ന് അമേരിക്ക, പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അഫ്ഗാനിൽനിന്ന് സൈന്യം കുടിയൊഴിപ്പിച്ചവരെ സ്വന്തം രാജ്യങ്ങളിലെത്തിക്കാൻ യു.എസ് പ്രതിരോധ വകുപ്പ് വിമാന കമ്പനികളുടെ സഹായം തേടി.
അതേസമയം, വിമാനത്താവളത്തിലെ അരാജകത്വത്തിന് കാരണം അമേരിക്കൻ സേനയാണെന്ന് താലിബാൻ കുറ്റപ്പെടുത്തി. കാബൂളിലെ ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്നും ഇവരുടെ േരഖകൾ പരിശോധിക്കുകയാണെന്നും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് താൽക്കാലികമായി നിർത്തിവെച്ചതായി പാകിസ്താൻ അറിയിച്ചു. പാക് സർക്കാർ നിയന്ത്രണത്തിലുള്ള പാകിസ്താൻ ഇൻറർനാഷനൽ എയർലൈൻസ് മാത്രമാണ് കുറച്ചുദിവസങ്ങളായി ഇവിടെനിന്ന് വാണിജ്യ സർവിസ് നടത്തിയിരുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണ് സർവിസ് നിർത്തിയത്. താലിബാൻ കാബൂൾ പിടിച്ചശേഷം വിമാനത്താവള ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്നും റൺവേയിൽ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.