ഗുജറാത്ത് കലാപം: കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ തിരികെ എത്തിക്കണമെന്ന് ആവശ്യം
text_fieldsലണ്ടൻ: 2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മൂന്ന് യു.കെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരികെ എത്തിക്കണമെന്ന് ബ്രിട്ടീഷ് എം.പി. കലാപം നടന്നതിന്‍റെ 20ാം വാർഷികത്തിലാണ് ബ്രിട്ടീഷ് പാർലമെന്‍റിൽ ലേബർ പാർട്ടി എം.പി കിം ലീഡ്ബീറ്റർ ഈ ആവശ്യം ഉന്നയിച്ചത്.
കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടു വരണം. പൗരന്മാർ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യത യു.കെ ഭരണകൂടം പരിശോധിക്കണമെന്നും കിം ആവശ്യപ്പെട്ടു.
2002 ഫെബ്രുവരി 28ന് നടന്ന ഗുജറാത്ത് കലാപത്തിലാണ് രണ്ട് യു.കെ പൗരന്മാരും അവരുടെ ഇന്ത്യൻ പൗരനായ ഡ്രൈവറും ദാരുണമായി കൊല്ലപ്പെട്ടത്. താജ് മഹൽ സന്ദർശിച്ച ശേഷം ജീപ്പിൽ മടങ്ങിയ നാലംഗ വിനോദ സഞ്ചാരസംഘം ഗുജറാത്ത് അതിർത്തിയിൽ ഗതാഗതകുരുക്കിൽപ്പെട്ടു.
വാഹനത്തിന് അടുത്തെത്തിയ ആൾക്കൂട്ടം മതം എതാണെന്ന് ചോദിച്ചു. ബ്രിട്ടീഷ് പൗരന്മാരാണെന്നും മുസ്ലിംകളാണെന്നും സംഘം മറുപടി നൽകി. ആൾക്കൂട്ട ആക്രമണത്തിൽ ഷക്കീൽ, സഈദ്, മുഹമ്മദ് അസ്വദ്, ഡ്രൈവർ എന്നിവർ കൊല്ലപ്പെട്ടു. ഇമ്രാൻ ദാവൂദ് അത്ഭുതകരമായി രക്ഷപ്പെട്ടതായും കിം ലീഡ്ബീറ്റർ പാർലമെന്‍റിൽ വിവരിച്ചു.
മൃതദേഹങ്ങൾ തിരികെ നൽകണമെന്ന ആവശ്യത്തെ ബ്രിട്ടീഷ് സർക്കാർ പിന്തുണക്കുന്നതായി വിദേശകാര്യ മന്ത്രി അമൻഡ മില്ലിങ് മറുപടി നൽകി.
അതേസമയം, 20 വർഷം മുമ്പ് ഇന്ത്യയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ചർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മൃതദേഹങ്ങൾ കൈമാറണമെന്ന ആവശ്യവുമായി ഇരകളുടെ കുടുംബങ്ങൾ സമീപിച്ചിട്ടില്ലെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
പ്രമേയം അവതരിപ്പിച്ച എം.പിയോ ചർച്ചയിൽ പങ്കെടുത്തവരോ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനിലെ മന്ത്രി (പൊളിറ്റിക്കൽ, പ്രസ് & ഇൻഫർമേഷൻ) വിശ്വേഷ് നേഗിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.