ബ്രിട്ടീഷ് പ്രധാനമന്ത്രി: ലിസ് ട്രസിന് മുൻതൂക്കം
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാകുമെന്നതിൽ ടോറി പാർട്ടി മെംബർമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ (യു ഗവ് പോൾ) ലിസ് ട്രസിന് മുൻതൂക്കം. വിദേശകാര്യമന്ത്രി ട്രസിനാണ് വോട്ടെന്ന് 66 ശതമാനം പേർ വ്യക്തിമാക്കിയെന്നാണ് റിപ്പോർട്ട്. മുൻ ധനകാര്യമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന് 34 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. അടുത്തമാസം ആദ്യം ബോറിസ് ജോൺസൺ സ്ഥാനമൊഴിയുമ്പോൾ ട്രസോ സുനകോ പ്രധാനമന്ത്രിയാകുമെന്നുറപ്പാണ്.
യു.കെ പാർലമെന്റിൽ കൺസർവേറ്റിവ് കക്ഷിക്കാണ് ഭൂരിപക്ഷം എന്നതിനാൽ മറിച്ചുള്ള സാധ്യതകളില്ല. വോട്ടെടുപ്പ് സെപ്റ്റംബർ രണ്ടിന് അവസാനിക്കും. ഇതിനകം 57 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി ശേഷിക്കുന്നവരിൽ നാലിലൊരു വിഭാഗം, തങ്ങൾ ആർക്കാണ് വോട്ടുചെയ്യുക എന്നതിൽ തീരുമാനമെടുത്തിട്ടില്ല എന്നാണ് പറയുന്നത്. രണ്ടാഴ്ചമുമ്പ് സമാനമായ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. സുനകിനുള്ള പിന്തുണ അന്നുള്ളതിനേക്കാൾ രണ്ടു പോയന്റ് കൂടിയിട്ടുണ്ട്. പക്ഷേ, അത് വിജയത്തിലേക്കുള്ള പാതയാകുന്ന കാര്യം സംശയമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ചകളിൽ ട്രസ്, സുനക് പക്ഷങ്ങളുടെ കാമ്പയിൻ കടുത്ത വാഗ്വാദങ്ങളായി മാറിയിരുന്നു. ജോൺസൺ മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ അദ്ദേഹംതന്നെ വീണ്ടും അധികാരത്തിലെത്തുമായിരുന്നു എന്നും പലർക്കും അഭിപ്രായമുണ്ട്. കാരണം പാർട്ടിയിൽ ഇപ്പോഴും അദ്ദേഹത്തിന് മോശമല്ലാത്ത പിന്തുണയുണ്ടെന്നാണ് അടിത്തട്ടിൽ നിന്നുള്ള വിവരം.
കൺസർവേറ്റീവുകൾക്കിടയിൽ ട്രസിനാണ് മേൽക്കൈ എന്ന റിപ്പോർട്ട് പുറത്തുവന്നശേഷവും ഋഷി സുനക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിജയസാധ്യത ഇപ്പോഴും തനിക്കരികിലുണ്ടെന്ന് അദ്ദേഹം ടി.വി ചാനലുമായി സംസാരിക്കവെ പറഞ്ഞു. മന്ത്രിയായിരിക്കെ തന്റെ നയങ്ങളുടെ സത്യസന്ധത അംഗങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.