ബ്രിട്ടീഷ് പ്രധാനമന്ത്രി: പ്രചാരണം തുടങ്ങി ഋഷി സുനക്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഔദ്യോഗിക പ്രചാരണമാരംഭിച്ച് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനക്. 'റെഡി ഫോർ ഋഷി' എന്ന തലക്കെട്ടോടെ ഓൺലൈൻ പ്രചാരണത്തിനാണ് തുടക്കമിട്ടത്. അദ്ദേഹത്തിന് മുതിർന്ന പാർലമെന്റ് അംഗങ്ങളുടെയും കൺസർവേറ്റീവ് പാർട്ടി മുൻ ചെയർമാൻ ഒലിവർ ഡൗഡന്റെയും പിന്തുണയുണ്ട്.
പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഏറെ സാധ്യത കല്പിക്കപ്പെട്ടിരുന്ന പ്രതിരോധ മന്ത്രി ബെൻ വാലസ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ സുനകിന് വെല്ലുവിളി കുറഞ്ഞു. പാർട്ടിയെ ഒരുമിപ്പിക്കാനും സാമ്പത്തിക വെല്ലുവിളികൾക്ക് പരിഹാരം കാണാനും സുനകാണ് അനുയോജ്യൻ എന്ന് വാദിക്കുന്നവരുണ്ട്.
എന്നാൽ, ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ച കാബിനറ്റ് മന്ത്രിമാരുടെ കൂട്ടരാജിക്ക് തുടക്കമിട്ടത് അദ്ദേഹം പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടാണെന്ന വിമർശനമുണ്ട്. ഋഷിക്കു പുറമെ അറ്റോണി ജനറൽ സുവല്ല ബ്രാവർമാനും കൺസർവേറ്റിവ് പാർട്ടി പാർലമെന്റ് അംഗം ടോം തുഗെൻഹാറ്റും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ രണ്ടാമനായി 2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോൺസൺ നിയമിച്ചത്. പഞ്ചാബിൽനിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. യു.കെയിലാണ് ഋഷി സുനക്ക് ജനിച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയുടെ മരുമകൻകൂടിയാണ്.
2020 ജൂണിൽ ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് പാർട്ടിയിൽ പങ്കെടുത്തതിന് ജോൺസണൊപ്പം സുനകിനും പൊലീസ് പിഴ ചുമത്തിയിരുന്നു. ജീവിതച്ചെലവ് പരിഹരിക്കാൻ അടിയന്തര പദ്ധതികൾ ആവിഷ്കരിക്കാത്തതും ഭാര്യ അക്ഷത മൂർത്തി വിദേശ വരുമാനത്തിന് നികുതി അടക്കാത്തതും പ്രതിച്ഛായക്ക് മങ്ങലേൽപിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.