നീണ്ട നിയമയുദ്ധത്തിന് വിരാമം, ബ്രിട്നി സ്പിയേഴ്സ് പിതാവുമായി വേർപിരിയുന്നു
text_fieldsലോസ് ആഞ്ചലസ്: പോപ് രാജകുമാരി എന്നറിയപ്പെടുന്ന ബ്രിട്നി സ്പിയേഴ്സ് നടത്തിയ നീണ്ട നിയമയുദ്ധത്തിന് വിരാമം. ഗായികയുടെ രക്ഷാകർതൃ ചുമതലയിൽ നിന്ന് പിതാവിനെ നീക്കി കോടതി ഉത്തരവിട്ടു. വർഷങ്ങൾ നീണ്ടതും കയ്പേറിയതുമായ നിയമപോരാട്ടത്തിന് അന്ത്യം കുറിച്ചത് ലോസ് ആഞ്ചലസ് ജഡ്ജി ബ്രെന്ദ പെന്നിയുടെ ഉത്തരവാണ്. ഗായികയുടെ 'നല്ലതിനുവേണ്ടി' പിതാവിനെ ഉടൻതന്നെ രക്ഷാകർതൃസ്ഥാനത്തുനിന്നും നീക്കുകയും മറ്റൊരാൾക്ക് ചുമതല നൽകാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
ബ്രിട്നി സ്പിയേഴ്സിന്‍റെ സമ്പത്തിന്‍റെ മേൽ യാതൊരു അവകാശവും പിതാവ് ജെയ്മി സ്പിയേഴ്സിന് ഉണ്ടായിരിക്കുന്നതല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. 13 വർഷങ്ങളായി ബ്രിട്നി സ്പിയേഴ്സിന്‍റ ജീവിതവും സംഗീത പരിപാടികളും ക്രമീകരിച്ചിരുന്നത് ജെയ്മി സ്പിയേഴ്സ് ആയിരുന്നു. 39കാരിയായ അമേരിക്കൻ പോപ് ഗായികയെ വളരെയധികം നിയന്ത്രിക്കുകയും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
മകളുടെ ഫോൺകോളുകൾ വരെ ജെയ്മി ചോർത്തിയിരുന്നതായി വിശദീകരിക്കുന്ന ഡോക്യുമെന്‍ററികളും കഴിഞ്ഞാഴ്ച പുറത്തിറങ്ങിയിരുന്നു. കിടപ്പറയിൽ ബ്രിട്നിയുടെ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്യുന്ന ഉപകരണവും ജെയ്മി രഹസ്യമായി സ്ഥാപിച്ചിരുന്നു. 'ജയിലിൽ കഴിയുന്ന ഒരാളുടെ ഓർമയാണ് ബ്രിട്നി എന്നിലുണർത്തിയത്' എന്ന് ഗായികയുടെ മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. " കൺട്രോളിങ് ബ്രിട്നി സ്പിയേഴ്സ്" എന്ന ഡോക്യുമെന്‍ററിയിലെ നിർമാതാക്കളോടായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
എല്ലായ്പോഴും ബ്രിട്നിയുടെ ഉടമസ്ഥൻ എന്ന നിലക്കാണ് ജെയ്മി പെരുമാറിക്കൊണ്ടിരുന്നതെന്നും ഇത് ബ്രിട്നിക്ക് ഏറെ മനപ്രയാസവും വേദനയും ഉണ്ടാക്കിയിരുന്നതായും ബ്രിട്നിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. തന്‍റെ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് ജെയ്മി സ്പിയേഴസ് പ്രവർത്തിച്ചിരുന്നത്. ബ്രിട്നി സ്പിയേഴ്സിന് സ്വന്തമായി അഭിഭാഷകനെ വെക്കാൻ പോലും അനുവദിച്ചിരുന്നില്ല.
അന്തിമവിധി പുറപ്പെടുവിച്ച കോടതിക്ക് പുറത്ത് ബ്രിട്നിയുടെ നിരവധി ആരാധകരാണ് തിങ്ങിക്കൂടിയത്. 'ജെയ്മിയെ ജയിലിലടക്കൂ', 'ബ്രിട്നിയെ സ്വതന്ത്രയാക്കൂ' തുടങ്ങിയ പ്ലക്കാർഡുകളുമായാണ് ആരാധകർ തടിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.