അഫ്‌സൽ ഹുസൈന്‍റെ മരണവിവരം ദിവസങ്ങളോളം കുടുംബത്തിൽനിന്ന് മറച്ചുവെക്കേണ്ടി വന്നു -സഹോദരൻ
text_fieldsവാഷിങ്ടൺ: കഴിഞ്ഞ മൂന്നാഴ്ചക്കിടെ മൂന്ന് മുസ്‍ലിം യുവാക്കളാണ് ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിയിൽ കൊല്ലപ്പെട്ടത്. നവംബറിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു കൊലപാതകവുമായി ഇതിന് സാമ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അൽബുക്കർക്കിയിൽ കൊല്ലപ്പെട്ട നാല് മുസ്‍ലിം യുവാക്കളിൽ ഒരാൾ പാകിസ്താനിൽ നിന്നുള്ള മുഹമ്മദ് അഫ്‌സൽ ഹുസൈൻ എന്ന 27കാരനാണ്. തന്‍റെ മൂത്ത സഹോദരൻ ന്യൂ മെക്സിക്കോയിൽ സ്വന്തമായൊരു വീട് പണിത ശേഷം 2017ലാണ് അഫ്സൽ പാകിസ്താനിൽനിന്ന് ന്യൂ മെക്സിക്കോയിലേക്ക് താമസം മാറിയത്. ആഗസ്റ്റ് ഒന്നിന് അപ്പാർട്ട്മെന്‍റിന് പുറത്തേക്കിങ്ങിയപ്പോഴാണ് അഫ്സൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
അൽബുക്കർക്കിയിൽ അടുത്തിടെ കൊല്ലപ്പെട്ട മൂന്ന് മുസ്‍ലിം പുരുഷന്മാരുടെ കൊലപാതക നിരയിൽ ഇതും ഉൾപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അഫ്താബ് ഹുസൈൻ (41), നയീം ഹുസൈൻ (25) എന്നിവർ വെടിയേറ്റ് മരിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അഫ്‌സൽ ഹുസൈനും കൊല്ലപ്പെട്ടത്. നവംബറിൽ മുഹമ്മദ് അഹമ്മദെന്നയാളും സമാന രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ നാല് കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറയുന്നു.
മുസ്‍ലിം സമൂഹത്തിന് നേരെ വർധിച്ച് വരുന്ന കൊലപാതകം നഗരത്തിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 'ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?. സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്'- അഫ്സലിനെ സഹോദരൻ ഇംതിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുള്ളതിനാൽ കുടുംബത്തിന് കൂടുതൽ മെച്ചപ്പെട്ട ജീവിതം നൽകാനാണ് താനും സഹോദരനും മാറി താമസിച്ചത്. ആദ്യം കോളജിലും പിന്നീട് ജോലി സ്ഥലത്തും അങ്ങനെ വളരെ പെട്ടെന്ന് തന്നെ അഫ്സൽ ജീവിതത്തിൽ വിജയം കണ്ടെത്തിയതായി ഇംതിയാസ് പറഞ്ഞു.
ന്യൂ മെക്‌സിക്കോ യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദം നേടിയ അഫ്‌സൽ ഹുസൈൻ ഒരു വിദ്യാർഥി യൂനിയൻ സംഘടനയെ നയിച്ചിരുന്നതായും ഇംതിയാസ് കൂട്ടിച്ചേർത്തു. എസ്പാനോള നഗരത്തിന്റെ സിറ്റി പ്ലാനറായാണ് അഫ്സൽ ജോലി ചെയ്തിരുന്നത്. സഹോദരന്‍റെ മരണവിവരം ദിവസങ്ങളോളം കുടുംബത്തിൽനിന്ന് തനിക്ക് മറച്ച് വെക്കേണ്ടി വന്നതായി ഇംതിയാസ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു.
തുടർച്ചയായി നടന്ന നാല് കൊലപാതകങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇസ്‍ലാമിക് സെന്റർ ഓഫ് ന്യൂ മെക്സിക്കോ ജനറൽ സെക്രട്ടറി അനീല അബാദ് പറഞ്ഞു. അഫ്സലിന്‍റെ മൃതദേഹം ന്യൂമെക്സിക്കോയിൽ തന്നെയാണ് അടക്കിയത്. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന വാഹനത്തിന്‍റെ ഫോട്ടോ ഞായറാഴ്ച അന്വേഷണസംഘം പുറത്തുവിട്ടു. കൊല്ലപ്പെട്ട നാലുപേരും ന്യൂ മെക്‌സിക്കോയിലെ ഇസ്‍ലാമിക് സെന്റർ സന്ദർശിച്ചിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ഇരകൾക്കും അവരുടെ കുടുംബത്തിനും നീതി വാങ്ങി കൊടുക്കുമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.