അമേരിക്കയിൽ ഏഷ്യൻ വയോധികക്ക് ക്രൂര മർദനം; ഇടപെടാതെ കാഴ്ചക്കാർ -VIDEO
text_fieldsന്യൂയോർക്ക്: ൈടെംസ് സ്ക്വയറിന് സമീപം 65കാരിയായ ഫിലിപ്പിനോ- അമേരിക്കൻ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടു. പട്ടാപ്പകൽ നടപ്പാതയിൽ വയോധികയെ ക്രൂരമായി ആക്രമിക്കുന്നത് കണ്ടിട്ടും സമീപമുണ്ടായിരുന്ന മൂന്ന് പേർ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു.
മാൻഹട്ടന് സമീപത്തുള്ള ഹെൽസ് കിച്ചണിന്‍റെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. നിങ്ങൾ ഇവിടത്തുകാരിയല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. കുറ്റവാളിയെ തിരിച്ചറിയാൻ സഹായിക്കണെമന്നാവശ്യപ്പെട്ട് പൊലീസാണ് വിഡിയോ പങ്കുവെച്ചത്.
പള്ളിയിലേക്ക് പുറപ്പെട്ട സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഏഷ്യൻ വംശജയായ വനിതയുടെ വയറിന് ചവിട്ടി താഴെയിട്ട പ്രതി പിന്നീട് തുടർച്ചയായി തലക്ക് ചവിട്ടുകയായിരുന്നു. പരിക്കേറ്റ് വീണ വയോധികയെ ആക്രമിച്ച ശേഷം കുറ്റവാളി നടന്നു നീങ്ങി.
സംഭവം കണ്ടിട്ടും ചില കാറുകൾ നിർത്താതെ പോയി. ബ്രോഡ്സ്കൈ ഓർഗനൈസേഷന്‍റെ ഉടമസ്തഥയിലുള്ള ആഡംബര അപാർട്മെന്റിന്റെ ലോബിയിൽ വെച്ച് സംഭവം തത്സമയം കണ്ടുനിന്ന മൂന്ന് ജീവനക്കാർ പ്രതികരിച്ചില്ല. വയോധിക നിവർന്ന് നിൽക്കാൻ കഷ്ടപ്പെടുന്ന വേളയിൽ സുരക്ഷ ജീവനക്കാരിൽ ഒരാൾ വാതിൽ അടക്കുന്നതും വിഡിയോയിൽ കാണാം.
ഇവരെ പിന്നീട് സസ്പെൻഡ് ചെയ്തതായി ബ്രോഡ്സ്കൈ ഓർഗനൈസേഷൻ പറഞ്ഞു. വിൽമ കാരി എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ യു.എസിലെത്തിയിട്ട് പതിറ്റാണ്ടുകളായെന്ന് മകൾ പ്രതികരിച്ചു.
ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും 'സ്റ്റോപ് ഏഷ്യൻഹേറ്റ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാവുകയും ചെയ്തു. ക്രൂരത കണ്ടില്ലെന്ന് നടിച്ച് കടന്നുപോയ കാർ യാത്രികർക്കും സമീപത്തുണ്ടായിരുന്നവർക്കുമെതിരെ പ്രതിഷേധമുയർന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയുടെ തലക്കും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു.
ആക്രമണത്തെ ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ അപലപിച്ചു. ആക്രമണം കണ്ടിട്ടും നോക്കിനിന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ വംശജരോടുള്ള വിദ്വേഷവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ ന്യൂയോർക്ക് നഗരത്തിൽ വർധിച്ച് വരികയാണ്. ഈ വർഷം 33 കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.