കാമുകിയെ കാണാൻ ഇന്ത്യയിലേക്ക് കാൽനടയായെത്തി; പാക് യുവാവ് പിടിയിൽ
text_fieldsപ്രണയിനിയെ കാണാൻ കാൽനടയായി പാകിസ്താനിൽനിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച യുവാവിനെ പൊലീസ് പിടികൂടി. ലോക്ക്ഡൗൺ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനാണ് കാൽനടയായി മുബൈയിലേക്ക് യുവാവ് യാത്ര തിരിച്ചത്. രാജസ്ഥാൻ അതിർത്തിയിൽ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ പഞ്ചാബിലെ ബഹവൽപൂർ ജില്ലയിലാണ് മുഹമ്മദ് അമീർ എന്ന 20 കാരൻ താമസിക്കുന്നത്. മുംബൈയിലെ കാണ്ടിവിയിൽ നിന്നുള്ള 20 കാരിയായ പെൺകുട്ടിയെ കാണാനാണ് 1,300 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യാൻ അമീർ തീരുമാനിച്ചത്. കാമുകിയെ കാണാൻ പുറപ്പെട്ടതാണെന്ന യുവാവിന്‍റെ വാദം രാജസ്ഥാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളുടെ അവകാശവാദം സ്ഥിരീകരിക്കാനും പെൺകുട്ടിയെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പറയുന്നതെല്ലാം സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അമീർ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഡിസംബർ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടെന്നും പൊലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങൾക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് വിവരം.
കാമുകിയെ കല്യാണം കഴിക്കാൻ തീരുമാനിച്ചതിന്‍റെ ഭാഗമായി അമീർ ഇന്ത്യൻ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, അപേക്ഷ നിരസിക്കുകയായിരുന്നു. വിസ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ പദ്ധതിയിട്ടത്. എങ്ങനെ മുംബൈയിൽ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ബി.എസ്.എഫ് ആണ് യുവാവിനെ പിടികൂടിയത്. അനുപ്ഗഡ് സെക്ടറിലെ ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ അതിക്രമിച്ച് കയറിയ അമീറിനെ ബി.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു എന്ന് ഗംഗനഗർ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർമ പറഞ്ഞു. മുംബൈയിൽ എങ്ങനെ എത്തിച്ചേരാമെന്നും ഗതാഗത രീതിയെക്കുറിച്ചും അയാൾക്ക് ഒരു പിടിയുമില്ലായിരുന്നു.
ആവശ്യത്തിന് പണമില്ലാത്തതിനാൽ പെൺകുട്ടിയെ കാണാൻ 1300 കിലോമീറ്റർ നടന്ന് മുംബൈയിലെത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ബി.എസ്.എഫ് അദ്ദേഹത്തെ അനുപ്ഗഢ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഏൽപ്പിച്ചു. അതിക്രമത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും കേസെടുത്തു. അന്വേഷണം പൂർത്തിയാക്കിയ ശേഷം പാകിസ്താൻ റേഞ്ചർമാരോട് പ്രശ്നം ഉന്നയിച്ചതിന് ശേഷം നടപടികൾ ആരംഭിക്കുമെന്നും ശർമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.