ഇസ്രായേലിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; മേഖലയിൽ അതിജാഗ്രത
text_fieldsതെൽഅവീവ്: ഇസ്രായേൽ നഗരമായ ഹെർസ്‍ലിയയിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം. കെട്ടിടത്തിന് കേടുപാടുകൾ പറ്റിയെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ലബനാനിൽ നിന്ന് അയച്ച രണ്ട് ഡ്രോണുകളിൽ ഒന്നാണ് കെട്ടിടത്തിൽ ഇടിച്ചത്. സംഭവത്തെ തുടർന്ന് മേഖലയിൽ അതിജാഗ്രത പ്രഖ്യാപിച്ചു.
അതിർത്തി കടന്ന നിമിഷം മുതൽ ഡ്രോണുകളെ ട്രാക്ക് ചെയ്തിരുന്നുവെന്നും അവയിലൊന്ന് യുദ്ധവിമാനങ്ങൾ തകർത്തുവെന്നും സൈന്യം പറയുന്നു. എന്നാൽ, രണ്ടാമത്തെ ഡ്രോണിനെ തടയാൻ കഴിയാത്തത് സംബന്ധിച്ച് വിശദീകരണമില്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഐ.ഡി.എഫ് പറഞ്ഞു. കെട്ടിടങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പറക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യോം കിപ്പൂരിലെ റിട്ടയർമെൻറ് ഹോമിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് വൈ നെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ തീ പടർന്നുവെന്നും ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
“പൊലീസ് ഉദ്യോഗസ്ഥരും ബോംബ് നിർവീര്യമാക്കൽ വിദഗ്ധരും സ്ഥലത്തുണ്ട്. അവശിഷ്ടങ്ങൾ നീക്കുകയും അപകടസാധ്യത ഒഴിവാക്കാൻ തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. നിലവിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” -പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.