ക്രോക്കഡൈൽ ഡണ്ടിയിലെ ‘താരം’ ബർട്ട് വിടപറഞ്ഞു
text_fieldsസിഡ്നി: 1986 ലെ ബ്ലോക്ക്ബസ്റ്റർ സിനിമ ‘ക്രോക്കഡൈൽ ഡണ്ടി’യിൽ പോൾ ഹോഗനൊപ്പം അഭിനയിച്ച മുതല ബർട്ട് വിടപറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. അഞ്ച് മീറ്റർ നീളമുള്ള ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലയായിരുന്നു ബർട്ട്. 700 കിലോഗ്രാമുള്ള മുതലക്ക് 90 വയസ്സുണ്ടെന്ന് അതിന്റെ സംരക്ഷകനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആസ്‌ട്രേലിയയിലെ ഡാർവിനിൽ തിങ്കളാഴ്ചയാണ് മുതല ചത്തത്. 'ക്രോക്കഡൈൽ ഡണ്ടി'യിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം 2008 മുതൽ ബർട്ട് ആസ്ട്രേലിയയിലെ ക്രോക്കോസോറസ് അക്വേറിയത്തിലായിരുന്നു കഴിഞ്ഞുവന്നത്.
അതീവ ദുഃഖത്തോടെയാണ് ഞങ്ങൾ ആസ്‌ട്രേലിയൻ ക്ലാസിക് 'ക്രോക്കഡൈൽ ഡണ്ടി'യിലെ താരമായ ബർട്ടിന്റെ വിയോഗം അറിയിക്കുന്നതെന്ന് മൃഗശാല അധികൃതർ ഫേസ്ബുക്കിൽ കുറിച്ചു.
ഗ്രഹത്തിലെ ഏറ്റവും വലിയ ഉരഗങ്ങളിൽ ഒന്നാണ് ഉപ്പുവെള്ള മുതലകൾ, അവയോട് വളരെ അടുത്ത് പോകുന്ന ഏത് മൃഗത്തെയും ഭക്ഷിക്കാൻ ഇവക്ക് കഴിവുണ്ട്. ഉപ്പുവെള്ള മുതലയുടെ ശരാശരി ആയുസ്സ് 70 വർഷമാണ്, എന്നാൽ ചിലത് 100 വർഷം വരെ ജീവിക്കും.
ബർട്ട് അഭിനയിച്ച 'ക്രോക്കഡൈൽ ഡണ്ടി' എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ആസ്‌ട്രേലിയൻ ചിത്രമാണെന്ന് ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ, ഹോഗന്റെ കഥാപാത്രമായ വേട്ടക്കാരൻ, അമേരിക്കൻ റിപ്പോർട്ടർ സ്യൂ ഷാൾട്ടനെ (ലിൻഡ കോസ്ലോവ്സ്കി അവതരിപ്പിച്ച കഥാപാത്രം) മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും അവൾ അവനെ ന്യൂയോർക്കിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. തന്റെ സവിശേഷ സ്വഭാവം കാരണം ബർട്ട് പരിപാലകരുടെയും സന്ദർശകരുടെയും ഇഷ്ടത്തിന് പാത്രമായിരുന്നുവെന്നും ഇൻഡിപെൻഡന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.